ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവം ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ
text_fieldsഅജ്മാൻ: അയ്യപ്പ സേവ സമിതി ആഭിമുഖ്യത്തിൽ പതിനാറാമത് ശ്രീ. മുത്തപ്പൻ തിരുവപ്പന മഹോത്സവം ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും. മുത്തപ്പൻ ഐതിഹ്യത്തിന്റെയും പഴമൊഴികളുടേയും അടിസ്ഥാനത്തിൽ കോർത്തിണക്കിയ ആചാര അനുഷ്ഠാനങ്ങളാണ് നടക്കുക.
അഞ്ചിന് ഉച്ചക്ക് പന്ത്രണ്ടിന് മലയിറക്കൽ ചടങ്ങോടെ ഉത്സവം ആരംഭിക്കും. വൈകിട്ട് മൂന്നിന് മുത്തപ്പൻ വെള്ളാട്ടം, രാത്രി എട്ടിന് മുടിയഴിക്കൽ, ഒൻപത് മണിക്ക് കളിക്കപാട്ട്, 12ന് കലശം വരവ് എന്നിവ നടക്കും. ആറാം തീയതി ഞായറാഴ്ച രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
ആറിന് തിരുവപ്പന വെള്ളാട്ടം, പന്ത്രണ്ടിന് പള്ളിവേട്ട, വൈകീട്ട് ഏഴിന് മുടിയഴിക്കൽ ചടങ്ങും നടക്കും. കുട്ടികൾക്ക് ചോറൂണിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. നൂറ്റൊന്ന് അംഗങ്ങൾ അടങ്ങിയ മുത്തപ്പൻ തിരുവപ്പന ആഘോഷ സമിതിയാണ് ഉത്സവത്തിന് നേതൃത്വം നൽകുന്നത്. മാർച്ച് 28നാണ് ഭക്തരുടെ കലവറ നിറയ്ക്കൽ ചടങ്ങ്.
