റാസൽഖൈമ-മുസന്തം ബസ് സർവിസ് ആറ് മുതൽ
text_fieldsറാസൽഖൈമ: യു.എ.ഇയിലെ റാസൽഖൈമയിൽനിന്ന് ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ മുസന്തത്തേക്ക് ബസ് സർവിസ് ആരംഭിക്കുന്നു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് റാസൽഖൈമ-മുസന്തം ബസ് സർവിസ് നടത്തുക. 50 ദിർഹമാണ് ടിക്കറ്റ് നിരക്ക്.
റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി (റാക്ട) യാണ് സർവിസ് ആരംഭിക്കുന്നത്. ഈമാസം ആറ് മുതൽ സർവിസിന് തുടക്കമാകും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ടിനും വൈകീട്ട് ആറിനും റാസൽഖൈമ ബസ് സ്റ്റേഷനിൽനിന്ന് ബസ് പുറപ്പെടും. ഇതേസമയം, ഖസബ് വിലായത്തിൽനിന്ന് റാസൽഖൈമയിലേക്കും ബസുണ്ടാകും.
അമ്പത് ദിർഹം നിരക്കിൽ രണ്ടര മുതൽ മൂന്ന് മണിക്കൂർ വരെ സമയമെടുത്ത് യു.എ.ഇക്കും ഒമാനുമിടയിൽ യാത്ര ചെയ്യാം. റാക്ട് വെബ്സൈറ്റ്, റാക് ബസ് മൊബൈൽ ആപ്ലിക്കേഷൻ, റാസൽഖൈമ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് ടിക്കറ്റെടുക്കാൻ സൗകര്യമുണ്ടാകും. റാസൽഖൈമ മെയിൻ ബസ് സ്റ്റേഷന് പുറമെ അൽറംസ്, ശാം എന്നിവിടങ്ങളിൽ ബസിന് സ്റ്റോപ്പുണ്ടാകുമെന്നും റാക്ട അറിയിച്ചു.

