പ്രീ സീസൺ: ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി
text_fieldsദുബൈ അൽ വസൽ സ്റ്റേഡിയത്തിൽ നിറഞ്ഞ മഞ്ഞപ്പട
ദുബൈ: കളിയുടെ തുടക്കംമുതൽ ഒടുക്കംവരെ മഞ്ഞപ്പടയുടെ ആവേശവും പിന്തുണയും ആവോളം നിറഞ്ഞുനിന്നെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്സ്. യു.എ.ഇയിലെ പ്രമുഖ പ്രോലീഗ് ക്ലബായ അൽ വസലുമായുള്ള പരിശീലന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തോൽവി. ശനിയാഴ്ച ദുബൈയിലെ സഅബീൽ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ആറ് ഗോളിനാണ് അൽ വസൽ എഫ്.സി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. കാണികളെക്കൊണ്ട് നിറഞ്ഞ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നിറഞ്ഞുകളിച്ചെങ്കിലും അൽ വസലിന്റെ പ്രതിരോധ നിരയെ മറികടക്കാൻ കഴിഞ്ഞില്ല. കളിയുടെ ആദ്യ പകുതി പിന്നിടും മുമ്പേ നാല് ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.
അദാമ അലൻ ദിയാലോ (രണ്ട്), സിയാക്ക സിദിബെ (ഒന്ന്), റബീ ഹസൻ അലി സാൽമിൻ (ഒന്ന്), അർജന്റീനിയൻ കളിക്കാരനായ നികോളാസ് എസ്ക്യു ഗിമൻസ് (രണ്ട്) എന്നിവരാണ് അൽ വസലിനായി ഗോൾവല ചലിപ്പിച്ചത്.
രണ്ടാം പകുതിയിൽ സർവ വീര്യവും പുറത്തെടുത്ത ബ്ലാസ്റ്റേഴ്സ് മികച്ച മുന്നേറ്റം നടത്തിയെങ്കിലും അൽ വസലിന്റെ പ്രതിരോധത്തിന് മുമ്പിൽ തകർന്നടിഞ്ഞു.
രണ്ടാം പകുതിയിൽ സെൻറർ മിഡ് ഫീൽഡർ ഡാനിഷ് ഫാറൂഖ് എടുത്ത കോർണർ കിക്കിനെ ഹെഡറിലൂടെ അഡ്രിയാൻ നികോളാസ് ലൂണ ഗോൾവല ലക്ഷ്യമാക്കി പായിച്ചെങ്കിലും അൽ വസലിന്റെ ഗോൾകീപ്പർ തട്ടിയകറ്റുകയായിരുന്നു.
അതിനിടെ രണ്ടാം പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ സർബിയൻ സെന്റർ ഡിഫൻഡർ അലക്സാണ്ടർ വസിൽജേവിക് ചുവപ്പുകാർഡ് കണ്ട് പുറത്തായതും ടീമിന് തിരിച്ചടിയായി.
പത്ത് പേരുമായി കളി തുടർന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര തകർന്നതോടെ വർധിതവീര്യത്തോടെ അൽ വസൽ രണ്ടു ഗോളുകൾകൂടി നേടി ബ്ലാസ്റ്റേഴ്സിന്റെ പരാജയം ഉറപ്പാക്കി. 12ന് ഷാർജ ഫുട്ബാൾ സ്റ്റേഡിയത്തിൽ ഷാർജ എഫ്.സിയുമായാണ് ടീമിന്റെ രണ്ടാമത്തെ മത്സരം.

