നിയമ ലംഘനം: അബൂദബിയിൽ പൗൾട്രി ഫാം അടച്ചുപൂട്ടി
text_fieldsഅബൂദബി: അല്‍ അജ്ബാന്‍ മേഖലയിലെ പൗള്‍ട്രി ഫാം അടച്ചുപൂട്ടാന്‍ അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി (അഡാഫ്സ) നിര്‍ദേശം നല്കി. ഭക്ഷ്യസുരക്ഷ നിയമം ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചത്. ഭക്ഷ്യസുരക്ഷ നിയമം സ്ഥാപനം തുടര്‍ച്ചയായി ലംഘിച്ചുവെന്നും ഇത് തിരുത്തുന്നതില്‍ വീഴ്ച വരുത്തിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷയും ഉപഭോക്താക്കളുടെ ആരോഗ്യവും അപകടത്തിലാക്കുന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതെന്ന് അഡാഫ്സ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിയമലംഘനം തിരുത്തി ഉദ്യോഗസ്ഥരെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതു വരെ സ്ഥാപനത്തിന് തുടര്‍ പ്രവര്‍ത്തനാനുമതി നല്കുകയില്ല. അബൂദബിയിലെ ഭക്ഷ്യസുരക്ഷ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധനകള്‍ നടത്തി നടപടികള്‍ സ്വീകരിക്കുന്നതെന്ന് അഡാഫ്സ ചൂണ്ടിക്കാട്ടി.
നിയമലംഘനങ്ങള്‍ കണ്ടെത്തുകയോ ഭക്ഷ്യ വസ്തുക്കളില്‍ എന്തെങ്കിലും വിധത്തിലുള്ള സംശയം തോന്നുകയോ ചെയ്താല്‍ അക്കാര്യം അബൂദബി സര്‍ക്കാറിന്റെ ടോള്‍ ഫ്രീ നമ്പറായ 800555ല്‍ വിളിച്ചറിയിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
