ഫ്രഞ്ച് പ്രസിഡന്‍റ് യു.എ.ഇയിൽ; ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായാണ് വരവ്
text_fieldsഅബൂദബി: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ യു.എ.ഇയിലെത്തി. അബൂദബിയിൽ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ അദ്ദേഹത്തെ വരവേറ്റു.
വിമാനത്താവളത്തിൽ ഒരുക്കിയ സ്വീകരണച്ചടങ്ങിൽ ഇരുരാജ്യങ്ങളുടെയും ദേശീയഗാനങ്ങൾ ആലാപനം ചെയ്യുകയും, ആദരസൂചകമായി ഗാർഡ് ഓഫ് ഹോണർ സല്യൂട്ട് നൽകുകയും ചെയ്തു. ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വരവ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്‍റെ ഭാഗമായാണ്. അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ, യു.എ.ഇ പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൻ ആൽ നഹ്‌യാൻ തുടങ്ങിയ പ്രമുഖരും മറ്റ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ഗൾഫ് പര്യടനത്തിന്‍റെ ഭാഗമായി കുവൈത്ത് സന്ദർശനം പൂർത്തിയാക്കിയാണ് മാക്രോൺ യു.എ.ഇയിലെത്തിയത്. അടുത്തദിവസങ്ങളിൽ ബഹ്റൈനിലും ഖത്തറിലും ഇമ്മാനുവൽ മാക്രോൺ ഭരണാധികാരികളെ കാണും.

