ഡോക്ടർ വരും ഓൺലൈവിൽ
text_fieldsഭീതി മാത്രമല്ല, ആശങ്കയും പിടിമുറുക്കിയിരിക്കുകയാണ് പല മനസ്സുകളെയും. മനസ്സുതുറ ന്ന് ഡോക്ടറോട് സംസാരിക്കാനായെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരും നിരവധിയാണ്. കോവിഡ് ഭീതി മനസ്സിനെ കടന്നാക്രമിക്കാൻ തുടങ്ങിയതോടെ എങ്ങനെയങ്കിലും ഒരു ഡോക്ടറെ കണ്ടാൽ മതിയെന്ന ചിന്താഗതി പ്രവാസികൾക്കിടയിൽ വർധിച്ചിട്ടുണ്ട്. ഇത്തരമൊരു ഘട്ടത്തിൽ, താമസിക്കുന്ന മുറിയിൽ ഇരുന്നുകൊണ്ടുതന്നെ ഡോക്ടറോട് സംസാരിക്കാനും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാനുമുള്ള അതിവിശാല ഓൺലൈൻ ആശുപത്രിയാണ് പ്രവാസി ഇന്ത്യ തുറന്നിരിക്കുന്നത്.
ഇ-മെയിൽ, വാട്സ്ആപ് ലിങ്ക്, വാട്സ്ആപ് നമ്പർ തുടങ്ങിയവ ഉപയോഗപ്പെടുത്തിതന്നെ ആശുപത്രിയിലെത്തിയ പ്രതീതിയിൽ ഡോക്ടറുമായി സംസാരിക്കാം. എല്ലാ ലക്ഷണങ്ങളും കോവിഡാണെന്ന് കരുതിയുള്ള ഉത്കണ്ഠകളെ മായ്ച്ചുകളയാൻ ദിവസവും നിരവധി പേരാണ് പ്രവാസി ഇന്ത്യയുടെ ഓൺലൈൻ ആശുപത്രിയുടെ സഹായം തേടുന്നത്. ആശുപത്രിയിൽ എത്തുന്ന രോഗിക്ക് ഡോക്ടറുമായി മുഖാമുഖം കണ്ട് സംസാരിക്കുവാനുള്ള സൗകര്യം പ്രവാസി ഇന്ത്യയുടെ സാങ്കേതിക വിദഗ്ധർ അപ്ലിക്കേഷൻ വഴി സജ്ജമാക്കുന്നു. ആരോഗ്യമേഖലയിൽ പരിചയസമ്പത്തുള്ള നിരവധി ഡോക്ടർമാരും നഴ്സുമാരുമാണ് ദിവസം മുഴുവൻ പ്രവർത്തിക്കുന്ന ആശുപത്രിയിലുള്ളത്.
