ജബൽ ജെയ്സിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില
text_fieldsദുബൈ: യു.എ.ഇയിൽ ഇത്തവണ ഏറ്റവും കുറഞ്ഞ താപനില റാസൽഖൈമയിലെ ജബൽ ജെയ്സിൽ രേഖപ്പെടുത്തി. തിങ്കളാഴ്ച രാവിലെ 6.30നാണ് 3.2ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. രാജ്യത്താകമാനം തണുപ്പ് വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കാലാവസ്ഥ നിരീക്ഷകർ വിലയിരുത്തുന്നത്. അടുത്ത ദിവസങ്ങളിലും താപനില കുറയാൻ സാധ്യതയുണ്ട്.
മേഘാവൃതമായ അന്തരീക്ഷമായിരിക്കും മിക്കയിടങ്ങളിലും ദൃശ്യമാവുക. അതേസമയം ഈർപ്പനില കൂടാനും സാധ്യതയുണ്ട്. റാസൽഖെമ എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ മഴ ലഭിച്ചിരുന്നു. ജബൽ ജെയ്സ്, റംസ്, വാദി ശഹാഹ്, ജുൽഫർ, ജബൽ അൽ റഹാബ എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്.
ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെയിലും മേഘാവൃതമായ കാലാവസ്ഥയുമാണ് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. അതേസമയം രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കാവുന്നതാണ്. പ്രധാനമായും ഉൾപ്രദേശങ്ങളിലാണ് ഈർപ്പം വർധിക്കാൻ സാധ്യതയുള്ളത്. 40കി.മീ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്.

