ഐ.എസ്.എസിന് ഭൂമിയുമായുള്ള ബന്ധം 20 മിനിറ്റ് തടസ്സപ്പെട്ടു
text_fieldsദുബൈ: സുൽത്താൻ അൽ നിയാദി ഉൾപ്പെടെ ബഹിരാകാശ സഞ്ചാരികൾ ഗവേഷണം തുടരുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ഐ.എസ്.എസ്) ഭൂമിയുമായുള്ള ആശയവിനിമയ ബന്ധം 20 മിനിറ്റോളം തടസ്സപ്പെട്ടു. ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലെ നവീകരണ പ്രവൃത്തിക്കിടെയാണ് ബന്ധം താൽക്കാലികമായി തടസ്സപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.
ഐ.എസ്.എസുമായുള്ള വാർത്താവിനിമയ, കമാൻഡ് കൺട്രോൾ സംവിധാനങ്ങൾക്കാണ് തടസ്സം അൽപനേരം നേരിട്ടത്.എന്നാൽ, നിയാദി ഉൾപ്പെടെയുള്ള ബഹിരാകാശ യാത്രികർക്ക് സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് നാസ വ്യക്തമാക്കി.
റഷ്യൻ സ്പേസ് ഏജൻസി അനുവദിച്ച പ്രത്യേക വാർത്താവിനിമയ സംവിധാനങ്ങളിലൂടെ 20 മിനിറ്റിനകം തന്നെ യാത്രികരുമായി സംസാരിക്കാനായതായി നാസ അറിയിച്ചു.പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ദൗത്യ നിയന്ത്രണ സംഘം നടത്തിവരുകയാണ്.

