അന്താരാഷ്ട്ര ഖുർആൻ അവാർഡ്: മികച്ച പ്രകടനവുമായി സൈനുൽ ആബിദ്
text_fieldsദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മർകസ് വിദ്യാർഥി ഹാഫിള് സൈനുൽ ആബിദിനെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
അനുമോദിക്കുന്നു
ദുബൈ: അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ജാമിഅ മർകസ് വിദ്യാർഥി കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ഹാഫിള് സൈനുൽ ആബിദീന് ആറാം സ്ഥാനം. അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ കേരളത്തിൽ നിന്നുള്ള ആദ്യ വിജയിയാണ് സൈനുൽ ആബിദ്. ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻറാശിദ് ആൽ മക്തൂം അവാർഡ് നൽകി.
സൈനുൽ ആബിദ് നേരത്തേയും നിരവധി ദേശീയ, സംസ്ഥാന ഹോളി ഖുർആൻ മത്സരങ്ങളിൽ വിജയിയായിട്ടുണ്ട്. 2021ൽ താൻസനിയയിൽ നടന്ന ഇന്റർനാഷനൽ ഹോളി ഖുർആൻ അവാർഡിൽ പങ്കെടുത്തിരുന്നു. മർകസ് ജൂനിയർ ശരീഅത്ത് വിദ്യാർഥിയായ സൈനുൽ ആബിദ് കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി.എ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർഥി കൂടിയാണ്. ഈങ്ങാപ്പുഴ വലിയേരിയിൽ അബ്ദുറഹ്മാൻ- സക്കീന ദമ്പതികളുടെ മകനാണ്. സൈനുൽ ആബിദിനെ ജാമിഅ മർകസ് ചാൻസിലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുമോദിച്ചു.

