പറക്കും കാര്‍: തൊഴിലവസരങ്ങൾ വർധിക്കും
text_fieldsഅബൂദബി: യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് പറക്കും കാര്‍ നിര്‍മാതാക്കളായ ആര്‍ച്ചര്‍ ഏവിയേഷന്‍ അബൂദബിയില്‍ എയര്‍ ടാക്സികള്‍ നിര്‍മിക്കുന്നതിനും ആസ്ഥാനമന്ദിരം സ്ഥാപിക്കാനും ദശലക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപിക്കുന്നു.
അടുത്ത വര്‍ഷത്തോടെ യു.എ.ഇയില്‍ വാണിജ്യ തലത്തില്‍ എയര്‍ ടാക്സികൾ ആരംഭിക്കുന്നതിനായി അബൂദബിയിലെ സുപ്രധാന കേന്ദ്രങ്ങളില്‍ വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്. 2025ല്‍ എയര്‍ ടാക്സികളുടെ വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി അബൂദബി നിക്ഷേപ ഓഫിസാണ് ആര്‍ച്ചര്‍ ഏവിയേഷന്‍ നിക്ഷേപ പിന്തുണ നല്‍കിയത്.
മിഡ്നൈറ്റ് വിമാനങ്ങളാണ് കമ്പനി യു.എ.ഇയില്‍ എയര്‍ ടാക്സികൾക്കായി നിര്‍മിക്കുക. യു.എസ് റഗുലേറ്ററി ബോഡിയില്‍ നിന്ന് അനുമതി ലഭിക്കുന്നതിനുള്ള അവസാന കടമ്പയിലാണ് തങ്ങളുള്ളതെന്ന് ആര്‍ച്ചര്‍ ഏവിയേഷന്‍ സ്ഥാപകനും സി.ഇ.ഒയുമായ ആദം ഗോള്ഡ്സ്റ്റീന് വ്യക്തമാക്കി. എയര്‍ ടാക്സികളുടെ പ്രവര്‍ത്തന കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്ന നടപടികളിലാണ് തങ്ങളിപ്പോഴുള്ളത്.
ഹെലികോപ്ടറിന് സമാനമായ അടിസ്ഥാന സൗകര്യമാണ് ചാര്‍ജിങ് സ്റ്റേഷനു പുറമേ തങ്ങള്‍ ഒരുക്കുന്നതെന്നും ആദ്യഘട്ടത്തില്‍ 10 എയര്‍ ടാക്സികളും പിന്നീട് എണ്ണം വ്യാപിപ്പിക്കാനുമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അടുത്ത ഘട്ടത്തില്‍ കൂടുതല്‍ എമിറേറ്റുകളെ ബന്ധിപ്പിച്ചുകൊണ്ട് എയര്‍ ടാക്സികൾ ആരംഭിക്കും.
എയര്‍ ടാക്സികളുടെ നിര്‍മാണം, അറ്റകുറ്റപ്പണി, വെര്ട്ടിപോര്ട്ടുകളിലെ ജീവനക്കാര്‍ തുടങ്ങിയ ആയിരത്തിലേറെ തൊഴിലവസരങ്ങളും ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടും. വരും മാസങ്ങളില്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന നടപടികള്‍ക്ക് ആര്‍ച്ചര്‍ തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഊബര്‍, കരീം പ്രീമിയം ടാക്സി സേവനങ്ങള്‍ക്കു സമാനമായിരിക്കും എയര്‍ ടാക്സികളുടെ നിരക്കും. വെര്‍ട്ടിപോര്‍ട്ട് നിര്‍മാണം, എയര്‍ ടാക്സി ഓപറേഷന് സാധ്യമാക്കല്‍, അബൂദബിയില്‍ തന്നെ മിഡ്നൈറ്റ് വിമാനങ്ങള്‍ നിര്‍മിക്കല്‍ തുടങ്ങിയ കാര്യങ്ങളിലാണ് അബൂദബി നിക്ഷേപ ഓഫിസുമായി ആര്‍ച്ചര്‍ സഹകരിക്കുക.

