ദുബൈ റൺ നാളെ; പങ്കാളിത്തത്തിൽ റെക്കോഡിടും
text_fieldsദുബൈ റൺ
ദുബൈ: ആരോഗ്യസംരക്ഷണത്തിന്റെ പാഠങ്ങൾ പകർന്ന ഫിറ്റ്നസ് ചലഞ്ചിന്റെ സമാപന പരിപാടിയായ ദുബൈ റൺ ഞായറാഴ്ച. ലോകത്തെ ഏറ്റവും വലിയ ‘ഫൺ റൺ’ എന്ന് വിശേഷിക്കപ്പെടുന്ന പരിപാടിയിൽ കഴിഞ്ഞ വർഷങ്ങളിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. 5, 10 കിലോമീറ്ററുകളിലായി ദുബൈ ശൈഖ് സായിദ് റോഡിലാണ് ദുബൈ നിവാസികൾ ഓടാനിറങ്ങുന്നത്. ഇതോടെ ഞായറാഴ്ച പുലർച്ച ശൈഖ് സായിദ് റോഡിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
ദുബൈ നഗരത്തിന്റെ ഏറ്റവും പ്രധാന പാതയായ ശൈഖ് സായിദ് റോഡിൽ നടക്കുന്ന റണ്ണിൽ രണ്ട് ലക്ഷത്തിലേറെ പേർ ഇത്തവണ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷം 1.93 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്ത് പങ്കെടുത്തത്. പ്രായമോ ഫിറ്റ്നസോ മാനദണ്ഡമല്ലാത്ത ഓട്ടത്തിലൂടെ ആരോഗ്യകരമായ സമൂഹം രൂപപ്പെടേണ്ടതിന്റെ സന്ദേശമാണ് പങ്കുവെക്കുന്നത്. കഴിഞ്ഞ വർഷം മുൻവർഷങ്ങളിലെ റെക്കോഡ് തകർത്താണ് പരിപാടിയിൽ പങ്കാളിത്തമുണ്ടായത്. ഇത്തവണ പുതിയ റെക്കോഡ് കുറിക്കുന്ന രീതിയിൽ പങ്കാളിത്തം വർധിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഒരുമാസം നീളുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഏഴാമത് എഡിഷനാണ് ഇത്തവണത്തേത്.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചലഞ്ച് നടക്കുന്നത്. ദുബൈ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 2017ൽ തുടക്കം കുറിച്ച സംരംഭമാണിത്.ഒരുമാസം 30 മിനിറ്റ് വ്യായാമത്തിന് ചെലവഴിക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്.
റണ്ണിനെത്തുന്നവർ ശ്രദ്ധിക്കേണ്ടത്
ദുബൈ റണ്ണിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം. ഇവർക്കുള്ള ബിബ് വിതരണം നേരത്തെ തുടങ്ങിയിട്ടുണ്ട്. ഇനിയും വാങ്ങാത്തവർ ശനിയാഴ്ചയോടെ ബിബ് വാങ്ങണം. രാവിലെ 6.30 മുതൽ 9.30 വരെയാണ് ഓട്ടം.
അഞ്ച്, പത്ത് കിലോമീറ്റർ ഓട്ടങ്ങൾ തുടങ്ങുന്നത് മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപത്ത് നിന്നാണ്. 5കി.മീറ്റർ റൂട്ട് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപത്തുനിന്ന് ആരംഭിച്ച് ബുർജ് ഖലീഫയും ദുബൈ ഓപറയും കടന്ന് ദുബൈ മാളിനടുത്ത് അവസാനിക്കും. എല്ലാ പ്രായത്തിലുമുള്ളവർക്കും യോജിച്ച റൂട്ടാണിത്. 10 കി.മീറ്റർ റൂട്ട് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപത്ത് നിന്ന് ആരംഭിച്ച് ദുബൈ കനാൽ പാലം കടന്ന്, തുടർന്ന് ശൈഖ് സായിദ് റോഡിലൂടെ ചുറ്റി ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ഗേറ്റിൽ അവസാനിക്കും. കൂടുതൽ പരിചയസമ്പന്നരായ ഓട്ടക്കാർക്കാണ് ഈ റൂട്ട് അനുയോജ്യം.
ഓട്ടം തുടങ്ങുന്നത് 6.30നാണെങ്കിലും ശൈഖ് സായിദ് റോഡ് പുലർച്ച മൂന്നിന് അടക്കും. ഇതുവഴി യാത്ര ചെയ്യേണ്ടവർ സമാന്തര റോഡുകൾ തെരഞ്ഞെടുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
റണ്ണിന് എത്തുന്നവർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നിർദേശിച്ചു. 5 കി.മീറ്റർ ഓട്ടത്തിൽ പങ്കെടുക്കുന്നവർക്ക് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷനുകൾ വേൾഡ് ട്രേഡ് സെന്റർ, മാക്സ് എന്നിവയാണ്. 10 കി.മീറ്റർ ഓട്ടത്തിൽ പങ്കെടുക്കുന്നവർക്ക് അടുത്ത് എമിറേറ്റ്സ് ടവേഴ്സ് സ്റ്റേഷനാണ്. കാറിൽ വരുന്നവർ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ പാർക്ക് ചെയ്യുന്നതാണ് ഉചിതം.
ശൈഖ് സായിദ് റോഡിന് പകരമായി യാത്രക്കാർക്ക് അൽ വാസൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, അൽ മെയ്ദാൻ സ്ട്രീറ്റ്, അൽ അസായിൽ സ്ട്രീറ്റ്, സെക്കൻഡ് സഅബീൽ സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, അൽ ഹാദിഖ സ്ട്രീറ്റ് എന്നിവ ഉപയോഗിക്കാം.

