റാസൽഖൈമയിലും നേരിട്ടുള്ള പഠനം തുടരും
text_fieldsറാസൽഖൈമ: ദുബൈക്കും ഷാർജക്കും പിന്നാലെ റാസൽഖൈമയിലും ജനുവരി മൂന്ന് മുതൽ ക്ലാസ് മുറികളിൽ നേരിട്ടുള്ള പഠനം ആരംഭിക്കുമെന്ന് റാക് ദുരന്ത നിവാരണ സമിതി അറിയിച്ചു. ഇതോടെ, നേരിട്ടുള്ള പഠനം പ്രഖ്യാപിച്ച എമിറേറ്റുകളുടെ എണ്ണം മൂന്നായി.
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജനുവരി മൂന്ന് മുതൽ രണ്ടാഴ്ചത്തേക്ക് ഓൺലൈൻ പഠനമായിരിക്കുമെന്ന് അബൂദബി ദുരന്ത നിവാരണ സമിതിയും യു.എ.ഇ വിദ്യാഭ്യാസ വകുപ്പും അറിയിച്ചിരുന്നു. എന്നാൽ, ഷാർജയിലും ദുബൈയിലും റാസൽഖൈമയിലും ക്ലാസ് മുറി പഠനങ്ങൾ തുടരാൻ തീരുമാനിക്കുകയായിരുന്നു. അവധിക്ക് ശേഷം ജനുവരി മൂന്നിനാണ് സ്കൂളുകൾ തുറക്കുന്നത്.
പഠനേതര പ്രവർത്തനങ്ങളും വിനോദ സഞ്ചാരവും ഒഴിവാക്കണമെന്ന് ദുബൈയിലെ സ്കൂളുകളോട് അധികൃതർ നിർദേശിച്ചിട്ടുണ്ട്. അതേസയം, ഷാർജയിൽ 12 വയസ്സിന് മുകളിലുള്ള എല്ലാ വിദ്യാർഥികളും ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് 96 മണിക്കൂറിനുള്ളിലെ നെഗറ്റീവ് പി.സി.ആർ പരിശോധനാ ഫലം ഹാജരാക്കണം. പാഠ്യേതര പ്രവർത്തനങ്ങൾ, പ്രഭാത അസംബ്ലി, സ്കൂൾ യാത്രകൾ എന്നിവ താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശമുണ്ട്.

