ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ തീയതി പ്രഖ്യാപിച്ചു
text_fieldsദുബൈ: ലോകത്തെ ഏറ്റവും ആവേശകരമായ ഷോപ്പിങ് മഹോത്സവമെന്ന് വിശേഷിപ്പിക്കുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ (ഡി.എസ്.എഫ്) തീയതികള്‍ പ്രഖ്യാപിച്ചു. സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്‍റാണ് ഡി.എസ്.എഫിന്‍റെ 29ാം പതിപ്പിന്‍റെ തീയതികള്‍ പുറത്തുവിട്ടത്. ഡിസംബര്‍ എട്ട് മുതല്‍ 2024 ജനുവരി 14 വരെയാണ് ഷോപ്പിങ് ഫെസ്റ്റിവല്‍. 37 ദിവസം നീളുന്ന ഫെസ്റ്റിവൽ ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ റീട്ടെയിൽ ഫെസ്റ്റിവലായാണ് കണക്കാക്കുന്നത്.
ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ സമയത്ത് എല്ലാ ദിവസവും ആവേശകരമായ പരിപാടികള്‍ കാണികള്‍ക്ക് അനുഭവിക്കാന്‍ സാധിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.
ഷോപ്പിങ് അനുഭവങ്ങള്‍ കൂടുതല്‍ അനുഭവഭേദ്യമാക്കാനുള്ള നിരവധി തയാറെടുപ്പുകള്‍ സംഘാടകർ നടത്തുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അറബ് ലോകത്തെ രണ്ട് പ്രമുഖ ആർട്ടിസ്റ്റുകളായ അഹ്ലം അൽ ഷംസി, അസ്സലാ നസ്റി എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഇവന്‍റുകളും ഇത്തവണ സന്ദർശകർക്ക് ആസ്വദിക്കാം. ഡിസംബർ 15ന് കൊക്കോ കോള അരീനയിൽ രാത്രിയാണ് ഇവരുടെ സംഗീതവിരുന്ന്.
അതോടൊപ്പം രാജ്യാന്തരവും പ്രാദേശികവുമായ സംഗീതജ്ഞർ അവതരിപ്പിക്കുന്ന സംഗീതവിരുന്നുകൾ, ബാസ്കറ്റ് ബാൾ മത്സരങ്ങൾ, എക്സ്ക്ലൂസീവ് ഷോപ്പിങ്, വിവിധ ഇൻസ്റ്റലേഷൻസ്, വെടിക്കെട്ട് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

