ഇന്ത്യ-യു.എ.ഇ സഹകരണം ശക്തമാക്കാൻ ധാരണ
text_fieldsജി20 ഉച്ചകോടിക്കിടെ ശൈഖ് മുഹമ്മദ് ബിൻ സായിദും നരേന്ദ്ര മോദിയും കൂടിക്കാഴ്ചയിൽ
ദുബൈ: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ന്യൂഡൽഹിയിൽ എത്തിയ യു.എ.ഇ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക സഹകരണം ചർച്ചയായ കൂടിക്കാഴ്ചയിൽ കഴിഞ്ഞ വർഷം ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) കൂടുതൽ ശക്തമാക്കുന്നതും സംസാരിച്ചതായി യു.എ.ഇ വാർത്ത ഏജൻസി ‘വാം’ വ്യക്തമാക്കി. സാമ്പത്തിക, നിക്ഷേപ, വികസന, പുനരുപയോഗ ഊർജ, ഭക്ഷ്യസുരക്ഷ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തി സുസ്ഥിര വളർച്ച കൈവരിക്കുന്നതിനാണ് ഇരു രാജ്യങ്ങളും ശ്രദ്ധയൂന്നുന്നത്. സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥ വ്യതിയാനം കുറക്കൽ എന്നിവയും ചർച്ചയായി.
പ്രസിഡൻറ് പദവിയിലെത്തിയശേഷം ആദ്യമായാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇന്ത്യയിൽ എത്തുന്നത്. ജൂലൈയിൽ നരേന്ദ്ര മോദി യു.എ.ഇയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയിരുന്നു. ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തിക രംഗത്തെ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്കാരം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിന് കൂടിക്കാഴ്ചയിൽ ചർച്ച നടക്കുകയും സുപ്രധാന കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) ഒപ്പുവെച്ചശേഷം ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര-നയതന്ത്ര തലത്തിൽ ബന്ധം ശക്തമാണ്. നിരവധി ഉൽപന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറയാനും ചരക്ക്-സേവന നീക്കം എളുപ്പമാക്കാനും വഴിയൊരുക്കിയതാണ് കരാർ. ഇതിലൂടെ അഞ്ചു വർഷംകൊണ്ട് ഉഭയകക്ഷി വ്യാപാരം 6000 കോടി ഡോളറിൽനിന്ന് 10,000 കോടി ഡോളറായി വർധിക്കുമെന്നാണ് കണക്കാക്കുന്നത്.

