വിന്‍റര്‍ ഡ്രൈവ് സീസണ്‍ 15ന് തുടക്കമിട്ട് അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ്
text_fieldsഅബൂദബി: മിഡില്‍ ഈസ്റ്റിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലകളിലൊന്നായ അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ജനപ്രിയ വാര്‍ഷിക പ്രമോഷനായ വിന്‍റര്‍ ഡ്രൈവ് സീസണ്‍ 15ന് ഔദ്യോഗികമായി തുടക്കമിട്ടു. പ്രമോഷന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ 22 മുതല്‍ 2027 ജനുവരി 24 വരെ അബൂദബിയിലെ അല്‍ മദീനയുടെ 19 ശാഖകളിലും പ്രമോഷന്‍ നടക്കും.
ആറ് ഡോങ്ഫെങ് മേജ് കാറുകള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓരോ 15 ദിവസം കൂടുമ്പോഴും ഒരു കാര്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഐഫോണുകള്‍, ഫ്രിഡ്ജുകള്‍, വാഷിങ് മെഷീനുകള്‍, ടെലിവിഷനുകള്‍ തുടങ്ങി നിരവധി സമ്മാനങ്ങളും ലഭിക്കും. 50 ദിര്‍ഹമിന്‍റെ പര്‍ച്ചേസിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രമോഷനില്‍ പങ്കെടുക്കാം.
അല്‍ മദീന അബൂദബി വിന്‍റര്‍ ഡ്രൈവ് സീസണ്‍ 15ന്‍റെ ലോഗോ ലോഞ്ച് വ്യത്യസ്തവും നൂതനവുമായ രീതിയിലാണ് സംഘടിപ്പിച്ചത്. നിര്‍മിത ബുദ്ധി റോബോട്ടിന്‍റെ സാന്നിധ്യത്തില്‍ കമ്പനി ഡയറക്ടര്‍മാരും മുതിര്‍ന്ന മാനേജ്‌മെന്‍റ് പ്രതിനിധികളും ചേര്‍ന്ന് ഡിജിറ്റല്‍ രൂപത്തില്‍ ലോഗോ പ്രകാശനം ചെയ്തു. അല്‍ മദീന അബൂദബി ഡയറക്ടര്‍മാരായ ഷഹബാസ് സലാം, ഫൈസ് മുഹമ്മദ് പൊയില്‍, പി.കെ. മുഹമ്മദ് എന്നിവര്‍ക്കൊപ്പം അസി. ജനറല്‍ മാനേജര്‍ ഷഫീഖ് ഹമീദ്, ഓപറേഷന്‍സ് മാനേജര്‍ ലക്കി രാമചന്ദ്രന്‍, പര്‍ച്ചേസ് മാനേജര്‍ ഷഫീര്‍ കൊളക്കാട്ടില്‍ എന്നിവരും സംബന്ധിച്ചു.
1971-ല്‍ പ്രവര്‍ത്തനം ആരംഭിച്ച അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത് മിഡില്‍ ഈസ്റ്റിലുടനീളം ശക്തമായ സാന്നിധ്യം ഉറപ്പിച്ച സ്ഥാപനമാണ്. 15 വര്‍ഷം മുമ്പ് അല്‍ റഹയില്‍ ആദ്യ സ്റ്റോര്‍ ആരംഭിച്ചുകൊണ്ടാണ് ഗ്രൂപ്പ് അബൂദബി വിപണിയില്‍ പ്രവേശിച്ചത്. ഇന്ന് എമിറേറ്റിലെ പ്രധാന മേഖലകളിലായി 19 ശാഖകളുമായി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു. വിന്റര്‍ ഡ്രൈവ് സീസണ്‍ 15 ഈ വളര്‍ച്ചയുടെയും ഉപഭോക്തൃ വിശ്വാസത്തിന്റെയും ആഘോഷം കൂടിയാണ്.
വിപുലീകരണ പദ്ധതികളുടെ ഭാഗമായി അടുത്ത മൂന്ന് മാസത്തിനുള്ളില്‍ അബൂദബിയിലെ ഷവാമഖില്‍ 75,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷോപ്പിങ് മാള്‍ ആരംഭിക്കാനാണ് ഗ്രൂപ്പിന്റെ പദ്ധതി. അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് പ്രധാന സ്റ്റോറായിരിക്കുന്ന മാളില്‍ വിവിധ മേഖലകളില്‍ നിന്നുള്ള ഏകദേശം 50 റീട്ടെയില്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും. കൂടാതെ, 2027ന്റെ ആദ്യ പാദത്തില്‍ എം.ബി.സെഡ് സിറ്റിയിലും ഷഖ്ബൂത്തിലുമായി രണ്ട് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി തുറക്കാനും പദ്ധതിയുണ്ട്.
നിലവിലുള്ള 19 ശാഖകള്‍ 2028 അവസാനത്തോടെ 36 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. പുതിയ നിക്ഷേപങ്ങളിലൂടെയും ശാഖകളുടെ വിപുലീകരണത്തിലൂടെയും കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് സേവനമെത്തിക്കാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ഒരുക്കാനും ഗ്രൂപ്പ് ലക്ഷ്യമിടുന്നു.

