എ.കെ.എം.ജി എമിറേറ്റ്സ് ‘ബീറ്റ് ദ ഹീറ്റ്’ ആരോഗ്യ കാമ്പയിൻ
text_fieldsഎ.കെ.എം.ജി എമിറേറ്റ്സ് ‘ബീറ്റ് ദ ഹീറ്റ്’ ആരോഗ്യ കാമ്പയിനിൽ പങ്കെടുത്തവർ
ദുബൈ: ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ആൻഡ് ഡെന്റൽ ഗ്രാജ്വേറ്റ്സ്(എ.കെ.എം.ജി എമിറേറ്റ്സ്) നടപ്പാക്കുന്ന ഗ്രീഷ്മകാല ആരോഗ്യ ബോധവത്കരണ കാമ്പയിൻ ‘ബീറ്റ് ദ ഹീറ്റ്’ വിവിധ എമിറേറ്റുകളിൽ തുടരുന്നു. അജ്മാൻ മുനിസിപ്പാലിറ്റി ലേബർ ക്യാബിനിൽ സംഘടിപ്പിച്ച അവബോധ സെമിനാർ ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ കോൺസൽ പവിത്ര കുമാർ മജുംദാർ ഉദ്ഘാടനം ചെയ്തു.
എ.കെ.എം.ജി പ്രസിഡന്റ് ഡോ. സുഗു മലയിൽ കോശിയുടെ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ വൈസ് കോൺസൽ അഭിമന്യു കർഗാൾ, യു.എ.ഇ ആരോഗ്യ മന്ത്രാലയ പ്രതിനിധിയായ ഡോ. അമൽ അൽ ഹുസ്നി, സെക്രട്ടറി ജനറൽ ഡോ. ഫിറോസ് ഗഫൂർ, ഡോ. ജമാലുദ്ദീൻ അബൂബക്കർ, ഡോ. ഫാത്തിമ ഫയസ്, ഡോ. മിനി ജോൺ, ഡോ. വർഗീസ് ജോർജ് എന്നിവർ പങ്കെടുക്കുകയുണ്ടായി. ഡോക്ടർമാരായ ഹനീഫ് ബാബു, റെനി പൗലോസ്, ബിജി രാജൻ, വിനീത് സക്കറിയ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഫുജൈറയിലെ അൽ ഹെയ് ലിൽ നടന്ന സെമിനാറിൽ ഡോ. മുഹമ്മദ് സലീം, ഡോ. ലീന ബീവി, ഡോ. പ്രിയങ്ക ഉണ്ണികൃഷ്ണൻ, ഡോ. സോണിയ, ഡോ. മോനി വിനോദ്, ഡോ. സജിത്ത് ഭാസ്കർ എന്നിവർ നേതൃത്വംവഹിച്ചു. ദുബൈയിലെ അൽ ഖൂസ് അൽബിയ ക്യാമ്പിൻ നടന്ന അവബോധന കാമ്പയിൻ ഡോക്ടർമാരായ പങ്കജം ഇന്ദ്രജിത്ത്, നയീം മൊയ്തീൻ, പ്രശാന്ത്, അർച്ചന, യൂനുസ്, ഹാരിസ്, സൗമ്യ, സംഗീത തുടങ്ങിയവർ നേതൃത്വം നൽകി.
യു.എ.ഇയിലെ വിവിധ തൊഴിൽ താമസ കേന്ദ്രങ്ങളെയും ജോലി സ്ഥലങ്ങളെയും ലക്ഷ്യമാക്കി കാമ്പയിൻ തുടരുമെന്നും യു.എ.ഇ സർക്കാറിന്റെ ‘ഇയർ ഓഫ് ദ കമ്യൂണിറ്റി’ എന്ന പദ്ധതിയോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രകടനമായും, ഉൾക്കൊള്ളലും കരുതലുമുള്ള ഒരു സമൂഹം രൂപപ്പെടുത്തുന്നതിനും ഈ കാമ്പയിൻ സഹായകമാകുമെന്നും കാമ്പയിൻ ചീഫ് ഓർഗനൈസർ ഡോ. ഫാത്തിമ ഫയസും സെക്രട്ടറി ജനറൽ ഡോ. ഫിറോസ് ഗഫൂറും അറിയിച്ചു.

