സൗദി പ്രതിരോധ മന്ത്രിയും ഇറാൻ സൈനിക മേധാവിയും ചർച്ച നടത്തി
text_fieldsറിയാദ്: സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിന്‍ സല്‍മാനും ഇറാനിയൻ സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ അബ്ദുറഹീം മൂസവിയും ഫോണില്‍ സംസാരിച്ചു.പ്രതിരോധരംഗത്തെ ഉഭയകക്ഷിസഹകരണത്തെയും പശ്ചിമേഷ്യന്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങളെയും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനുള്ള ശ്രമങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്തു.
ഇറാന് സായുധസേന ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ അബ്ദുറഹീം മൂസവിയില്നിന്ന് ഫോണ്‍ കോള്‍ ലഭിച്ചതായും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങള്‍ ഞങ്ങള്‍ അവലോകനം ചെയ്തതായും മേഖലയിലെ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനുള്ള ശ്രമങ്ങളും ചര്‍ച്ച ചെയ്തതായും സൗദി പ്രതിരോധ മന്ത്രി എക്സ് അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു.

