‘അപ്പാച്ചെ’ ഉടൻ കളത്തിലിറങ്ങും.. അതിന്‍റെ രൂപം ഓർത്തു വെച്ചോളൂ, മറക്കരുത്’; ഹൂതികളുടെ അവകാശവാദം തള്ളി സൗദി
text_fieldsസൗദിയുടെ അപ്പാച്ചെ ഹെലികോപ്ടർ
റിയാദ്: സൗദി അറേബ്യയുടെ 'അപ്പാച്ചെ' ഹെലികോപ്ടർ വെടിവെച്ചിട്ടെന്ന ഹൂതി സംഘടനയുടെ അവകാശവാദങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി. അപാച്ചെ' ഹെലികോപ്റ്റർ വെടിവെച്ചിട്ടെന്ന ഹൂതികളുടെ അവകാശ വാദങ്ങൾ മറുപടിയായി ‘എക്സ്’ പ്ലാറ്റ്‌ഫോമിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ അൽമാലികി അതേ മോഡൽ ഹെലികോപ്ടറുകളുടെ ചിത്രം പങ്കുവെച്ച് അതിനു താഴെ ഇങ്ങനെ കുറിക്കുകയും ചെയ്തു: ‘നിങ്ങൾ അത് വെടിവെച്ചിട്ടെന്ന് അവകാശപ്പെടുന്നു. എന്നാൽ ഇത് ഉടൻ തന്നെ കളത്തിലിറങ്ങും.. ഇതിന്റെ രൂപം നന്നായി ഓർത്തു വെച്ചോളൂ, മറക്കരുത്’. നജ്‌റാനിൽ സൗദി ഹെലികോപ്ടർ വെടിവെച്ചിട്ടുവെന്ന ഹൂതി ഭീകര സംഘടനയുടെ വ്യാജ അവകാശവാദങ്ങളെ സഖ്യസേന ശക്തമായി ഖണ്ഡിക്കുകയും അവരുടെ കള്ളങ്ങൾ തുറന്നുകാട്ടുകയും ചെയ്തു.
അതേസമയം, നജ്‌റാൻ മേഖലയിൽ സാങ്കേതിക തകരാറിനെ തുടർന്ന് നിരീക്ഷണ ഹെലികോപ്ടർ തകർന്നു വീണതായും ഇത് രണ്ട് സൈനിക ഓഫിസർമാരുടെ മരണത്തിന് ഇടയാക്കിയതായും സഖ്യസേന ഞായറാഴ്ച രാവിലെ തന്നെ വ്യക്തമാക്കിയിരുന്നു. സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽമാലിക്കി ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള എ.എച്ച്-6 ഐ മോഡൽ നിരീക്ഷണ ഹെലികോപ്റ്ററാണ് സൗദി അറേബ്യയിലെ നജ്‌റാൻ പ്രദേശത്ത് സാങ്കേതിക തകരാർ മൂലം തകർന്നു വീണതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച റിയാദ് മേഖലയിൽ ഒരു ഡ്രോണും കിഴക്കൻ പ്രവിശ്യയിൽ മറ്റൊരു ഡ്രോൺ തടഞ്ഞുനശിപ്പിച്ചതായി സഖ്യസേന പറഞ്ഞു. ഹൂതി മില്ലിഷ്യകൾ തൊടുത്തുവിട്ട ക്രൂസ് മിസൈലുകളും ഡ്രോണുകളും വ്യോമസേന തടയുന്നതിന്റെ ദൃശ്യങ്ങളും സഖ്യസേന പുറത്തുവിട്ടു.

