നോർക്ക കെയർ ഇൻഷുറൻസ് പുതുക്കൽ വൈകിപ്പിക്കുന്നു; നോർക്കയുടെ നിരുത്തരവാദിത്ത നടപടിക്കെതിരെ പ്രവാസി വെൽഫെയർ
text_fieldsജിദ്ദ: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി പുതുക്കാനുള്ള തിയ്യതി തുടർച്ചയായി നീട്ടിക്കൊണ്ടുപോകുന്ന നോർക്കയുടെ നിരുത്തരവാദപരമായ നടപടിയിൽ പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പദ്ധതി പുതുക്കുന്നതിന് പ്രവാസികൾക്ക് ഒരു മാസത്തെ സാവകാശം അനുവദിക്കണമെന്ന് കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങലും ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരിയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നോർക്കയുടെ ആദ്യ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ കഴിഞ്ഞ നവംബർ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. ഈ പദ്ധതിയോട് പ്രവാസികൾ കാണിച്ച വലിയ താല്പര്യത്തെ തുടർന്നാണ് കൂടുതൽ വിപുലമായ ഓപ്ഷനുകൾ ഉൾപ്പെടുത്തിക്കൊണ്ട് നോർക്ക കെയർ പ്ലസ് പദ്ധതി നോർക്ക അവതരിപ്പിച്ചത്. എന്നാൽ നിലവിലെ നോർക്ക കെയർ പോളിസിയുടെ കാലാവധി ഈ ഒക്ടോബർ 31-ന് അവസാനിക്കുകയാണ്. പോളിസി പുതുക്കൽ നടപടികൾ ഒക്ടോബർ 6 മുതൽ ആരംഭിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീട് അത് 21-ലേക്ക് മാറ്റുകയും, ഇപ്പോൾ ഒക്ടോബർ 25 മുതൽ മാത്രമേ പുതുക്കാൻ സാധിക്കൂ എന്നുമാണ് അധികൃതർ പറയുന്നത്. നോർക്ക കെയർ പോളിസി ഹോൾഡർമാരോട് നോർക്ക കാണിക്കുന്ന കടുത്ത നിരുത്തരവാദിത്തമാണിത്.
ഒക്ടോബർ 20 ആയിട്ടും പോളിസി പുതുക്കുന്നതുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങളോ അടക്കേണ്ട തുക എത്രയാണെന്നോ നോർക്ക ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പുതിയ അംഗങ്ങൾക്ക് ഇതിൽ ചേരാൻ സാധിക്കുമോ ഇല്ലയോ എന്ന കാര്യത്തിലും യാതൊരു വ്യക്തതയുമില്ല. നിലവിലെ അറിയിപ്പ് പ്രകാരം പോളിസി പുതുക്കാൻ പ്രവാസികൾക്ക് വെറും 5 ദിവസമാണ് ലഭിക്കുക. സാധാരണക്കാരായ പ്രവാസികൾക്ക് ഇത്രയും കുറഞ്ഞ ദിവസം കൊണ്ട് ഈ പ്രോസസ്സ് പൂർത്തിയാക്കാൻ സാധിക്കില്ല. അവധി ദിവസങ്ങളിൽ തൊട്ടടുത്തുള്ള നഗരങ്ങളിൽ എത്തി പൊതുപ്രവർത്തകരുടെ സഹായത്തോടെയാണ് പലരും ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. അതിനാൽ പോളിസി പുതുക്കുന്നതിനായി ഒരു മാസത്തെ സമയമെങ്കിലും പ്രവാസികൾക്ക് അനുവദിക്കണം.
നോർക്ക കെയർ പ്ലസിനെ സ്വന്തം പുത്രനായും, പഴയ നോർക്ക കെയർ പദ്ധതിയെ വളർത്തു പുത്രനായും കാണുന്ന രീതിയിലുള്ള നോർക്കയുടെ ഈ ചിറ്റമ്മ നയം ഒട്ടും ശരിയല്ല. പ്രവാസികളുടെ വികാരത്തെ പുതിയ സർക്കാരിന് എതിരാക്കാൻ ലക്ഷ്യമിട്ടുള്ള ഉദ്യോഗസ്ഥരുടെ ഗൂഢപദ്ധതിയാണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും, ഈ വിഷയത്തിൽ അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

