പുതിയ ഇന്ത്യൻ അംബാസഡർക്ക് ദക്ഷിണ മേഖലാ ഇന്ത്യൻ സമൂഹത്തിന്റെ സ്നേഹോപഹാരം
text_fieldsഅബ്ഹ: സൗദിയിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി നിയമിതനായ ഹെച്ച്.ഇ. ശ്രീ. വിപുലിന് ജിദ്ദയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി നൽകിയ സ്വീകരണ സംഗമത്തിൽ ദക്ഷിണ മേഖലാ ഇന്ത്യൻ സമൂഹത്തിന്റെ സ്നേഹോപഹാരം കൈമാറി. സൗദി കെ.എം.സി.സി പ്രസിഡന്റും ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്മ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗവുമായ ബഷീർ മുന്നിയൂർ ആണ് സ്നേഹോപഹാരം അംബാസഡർക്ക് കൈമാറിയത്. ദക്ഷിണ മേഖലയിൽ ഇന്ത്യൻ സമൂഹം നേരിടുന്ന നിലവിലെ പ്രത്യേക സാഹചര്യങ്ങളെക്കുറിച്ച് അംബാസഡർ ബഷീർ മുന്നിയൂരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മേഖലയിലെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങളും വിഷയങ്ങളും ബഷീർ അംബാസഡറുമായി പങ്കുവെച്ചു. ദക്ഷിണ മേഖല സന്ദർശിക്കണമെന്ന മേഖലയിലെ ഇന്ത്യൻ സമൂഹത്തിന്റെ ആഗ്രഹവും അദ്ദേഹം അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി. ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് അംബാസഡർ വിപുൽ പ്രതികരിച്ചു.

