ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ടു പേർക്ക് പരിക്ക്
text_fieldsമലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാൻ അപകടത്തിൽപെട്ടപ്പോൾ
റിയാദ്: ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ടു പേർക്ക് പരിക്ക്. റിയാദില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. 200 കിലോമീറ്റർ അകലെ ഹുത്ത ബനീ തമീമിലെ താമസസ്ഥലത്തേക്കു മടങ്ങുകയായിരുന്ന മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കോർമത്ത് വീട്ടിൽ ലത്തീഫിന്റെയും മുഹമ്മദ് ഷാഫിയുടെയും സന്ദർശന വിസയിൽ വന്ന കുടുംബങ്ങൾ സഞ്ചരിച്ച വാനാണ് അപകടത്തിൽപെട്ടത്.
വൈകീട്ട് ഏഴോടെ റിയാദിൽനിന്ന് ഹുത്ത ബനീ തമീമിലേക്കുള്ള റൂട്ടിൽ അൽ ഹൈറിലെത്തിയപ്പോൾ വാഹനം റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. കുടുംബാംഗങ്ങളായ ഏഴുപേർക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ലത്തീഫിനെ റിയാദിലെ ശുമൈസി ആശുപത്രിയിലും ഭാര്യ റംലത്തിനെ അലി ബിൻ അലി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മുഹമ്മദ് ഷാഫിയെയും കുടുംബത്തെയും ലത്തീഫിന്റെ മക്കളെയും നിസ്സാര പരിക്കുകളോടെ അൽ ഈമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷക്കുശേഷം വിട്ടയച്ചു. ബത്ഹയിലെ ഉംറ ഏജൻസിയുടെ ബസില്‍ മക്കയിലും മദീനയിലും തീർഥാടനത്തിനു പോയി റിയാദില്‍ തിരിച്ചെത്തിയശേഷമാണ് പിക്അപ് വാനിൽ ഹുത്ത ബനീ തമീമിലെ താമസസ്ഥലത്തേക്കു തിരിച്ചത്.
അപകടത്തിൽപെട്ടവരെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ആക്ടിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ഹനീഫ മുതുവല്ലൂർ, ബാദുഷ തങ്ങൾ, ഹുത്ത കെ.എം.സി.സി പ്രവർത്തകൻ റിയാസ് വള്ളക്കടവ്, ഫൈസൽ ചെമ്പ്ര എന്നിവർ രംഗത്തുണ്ടായിരുന്നു.

