ജിദ്ദ നഗരവികസനം: കെട്ടിടംപൊളി തുടരുന്നു
text_fieldsജിദ്ദ: നഗരവികസനത്തിന്റെ ഭാഗമായി ജിദ്ദയിലെ ചേരിപ്രദേശങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന് അസീസിയ, റിഹാബ് ഡിസ്ട്രിക്ടുകളിലെ താമസക്കാർക്ക് ശനിയാഴ്ച നോട്ടീസ് നൽകും. ജൂൺ നാലിന് പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി-ജല കണക്ഷനുകൾ വിച്ഛേദിക്കാനും 11ന് പൊളിക്കൽ ആരംഭിക്കാനുമാണ് പദ്ധതിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുശ്രിഫ ഡിസ്ട്രിക്ടിൽ പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളിലെ താമസക്കാർക്ക് കഴിഞ്ഞദിവസം അറിയിപ്പ് നൽകി. ജൂൺ നാലുമുതൽ പൊളിക്കൽ ആരംഭിക്കും.
ബനീ മാലിക്, അൽവുറൂദ് ഡിസ്ട്രിക്ടുകളിലെ പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളിലെ താമസക്കാർക്ക് മേയ് ഏഴിന് അറിയിപ്പ് നൽകിയിരുന്നു. ശനിയാഴ്ച കെട്ടിടങ്ങളിലേക്കുള്ള കണക്ഷനുകൾ വിച്ഛേദിക്കുകയും മേയ് 28ന് കെട്ടിടംപൊളി ആരംഭിക്കുകയും ചെയ്യും. റബുഅ ഡിസ്ട്രിക്ടിലെ താമസക്കാർക്ക് ജൂൺ 11ന് ഒഴിയണമെന്നാണ് അറിയിപ്പ്. ജൂൺ 18ന് വിവിധ സർക്കാർ സേവനങ്ങൾ വേർപ്പെടുത്തും.
ജൂൺ 25ന് കെട്ടിടങ്ങൾ പൊളിക്കുന്നത് ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. ജാമിഅ ഡിസ്ട്രിക്റ്റിലെ പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളിലെ താമസക്കാർക്ക് കഴിഞ്ഞ ശനിയാഴ്ച മാറാൻ അറിയിപ്പ് നൽകിയിട്ടുണ്ട്. മേയ് 28ന് സേവനങ്ങൾ വേർപെടുത്തുകയും ജൂൺ നാലിന് കെട്ടിടംപൊളി ആരംഭിക്കുകയും ചെയ്യും. റവാബി ഡിസ്ട്രിക്ടിലെ താമസക്കാർക്ക് മേയ് 28ന് അറിയിപ്പ് നൽകുകയും ജൂൺ നാലിന് സേവനങ്ങൾ വേർപെടുത്തുകയും ജൂൺ 11ന് കെട്ടിടംപൊളി ആരംഭിക്കുകയും ചെയ്യും. മുൻതസഹാത്ത് ഡിസ്ട്രിക്ടുകളിലെ താമസക്കാർക്ക് ജൂൺ 11ന് അറിയിപ്പ് നൽകുകയും 18ന് സേവനങ്ങൾ വേർപെടുത്തുകയും ജൂൺ 25ന് കെട്ടിടംപൊളി ആരംഭിക്കുകയും ചെയ്യും. ഖുവൈസിലെ കെട്ടിടങ്ങളിലെ താമസക്കാർക്ക് ജൂൺ 25ന് അറിയിപ്പ് നൽകുകയും ജൂലൈ രണ്ടിന് സേവനങ്ങൾ വേർപെടുത്തുകയും ജൂലൈ ഒമ്പതിന് കെട്ടിടംപൊളി ആരംഭിക്കുകയും ചെയ്യും. അൽഅദ്ൽ വൽ ഫദ്ൽ ഡിസ്ട്രിക്ടുകളിലുള്ളവർക്ക് ജൂലൈ 16ന് അറിയിപ്പ് നൽകുകയും ജൂലൈ 23ന് സേവനങ്ങൾ വേർപെടുത്തുകയും ജൂലൈ 30ന് കെട്ടിടംപൊളി ആരംഭിക്കുകയും ചെയ്യും. ഉമ്മുസലം ഡിസ്ട്രിക്ട്, കിലോ 14ന് വടക്ക് എന്നിവിടങ്ങളിലെ താമസക്കാർക്ക് ജൂലൈ 30ന് അറിയിപ്പ് നൽകുകയും ആഗസ്റ്റ് ആറിന് സേവനങ്ങൾ വേർപെടുത്തുകയും ആഗസ്റ്റ് 13ന് കെട്ടിടംപൊളി ആരംഭിക്കുകയും ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

