യന്ത്രത്തകരാർ: ദമ്മാം-കോഴിക്കോട് ഇൻഡിഗോ വിമാനം റദ്ദാക്കി
text_fieldsമുടങ്ങിയ ദമ്മാം-കോഴിക്കോട് ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ ദമ്മാം വിമാനത്താവളത്തിൽ
ദമ്മാം: ബുധനാഴ്ച രാവിലെ 11.30ന് ദമ്മാമിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട ഇൻഡിഗോ എയർലൈൻസ് വിമാനം യന്ത്രത്തകരാറിനെത്തുടർന്ന് റദ്ദ് ചെയ്തു. അത്യാവശ്യ യാത്രക്കാർക്ക് മറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയ വിമാന അധികൃതർ ബാക്കി യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. തകരാർ പരിഹരിച്ച് വ്യാഴാഴ്ച രാവിലെ പുറപ്പെടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇൻഡിഗോ പ്രതിനിധി പറഞ്ഞു. രാവിലെ 7.30ന് കരിപ്പൂരിൽനിന്ന് പുറപ്പെട്ട് 10.30ഓടെ ദമ്മാമിലെത്തിയ എ 239 വിമാനത്തിനാണ് തകരാർ കണ്ടെത്തിയത്.
ഉച്ചക്ക് 12.30ഓടെ യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ തകരാറുകൾ പരിഹരിക്കാനുള്ള ശ്രമം തുടരുകയായിരുന്നു. നാലുമണിക്കൂറിലധികമാണ് യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ ചെലവഴിക്കേണ്ടിവന്നത്. റൺവേയിലൂടെ വിമാനം നീങ്ങിത്തുടങ്ങിയതോടെ വീണ്ടും തകരാർ കണ്ടെത്തിയതിനെത്തുടർന്ന് എൻജിനീയർമാർ വിമാനം പുറപ്പെടുന്നത് തടയുകയായിരുന്നു. തകരാറുകൾ ഉടൻ പരിഹരിക്കാൻ സാധ്യമല്ലെന്ന് ബോധ്യമായതോടെ യാത്രക്കാരെ പുറത്തിറക്കി.
65ഓളം യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇവർക്കാവശ്യമായ വെള്ളവും ജ്യൂസുമുൾപ്പടെ പാനീയങ്ങളും ഭക്ഷണവും കൃത്യമായി ലഭ്യമാക്കിയതായി ഇൻഡിഗോ പ്രതിനിധി അബ്ദുറഹ്മാൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. തങ്ങളുടെ പരിധിക്കപ്പുറത്തുള്ള പ്രശ്നമായതിനാലാണ് സർവിസ് റദ്ദ് ചെയ്യേണ്ടിവന്നതെന്നും യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഇൻഡിഗോ ഖേദിക്കുന്നതായും കൂട്ടിച്ചേർത്തു.
ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകുന്ന യാത്രക്കാരെ തിരികെ കൊണ്ടുവരാൻ പറ്റാത്തതിനാൽ 12.10ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലും മുംബൈ വഴിയുള്ള ഇൻഡിഗോ വിമാനത്തിലും യാത്ര ഒരുക്കി. മറ്റ് അത്യാവശ്യ യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കി മറ്റ് എയർലൈനുകളിൽ യാത്ര ചെയ്യാനും അവസരമൊരുക്കി. 45ഓളം യാത്രക്കാരെയാണ് ഹോട്ടലുകളിലേക്ക് മാറ്റിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർക്ക് വിമാനം പുറപ്പെടുന്നത് അനിശ്ചിതമായി നീണ്ടുപോയത് പ്രയാസമുണ്ടാക്കി. കുറഞ്ഞ ദിവസങ്ങൾക്ക് നാട്ടിലേക്ക് പോകുന്നവരുടെ വിലപ്പെട്ട ഒരു ദിവസമാണ് യന്ത്രത്തകരാർ കവർന്നത്.

