ഖിയ ചാമ്പ്യൻസ് ലീഗ്: കെയർ ആൻഡ് ക്യൂർ ഫൈനലിൽ
text_fieldsഖിയ ഒന്നാം സെമിയിൽ ലാൻഡ് റോയൽ മാക് എഫ്.സി- എം.ബി.എം കെയർ ആൻഡ് ക്യൂർ എഫ്.സി മത്സരത്തിൽനിന്ന്
ദോഹ: ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഒന്നാം സെമിയിൽ ലാൻഡ് റോയൽ മാക് എഫ്.സിയെ തോൽപിച്ച് എം.ബി.എം കെയർ ആൻഡ് ക്യൂർ എഫ്.സി ഫൈനലിൽ. ദോഹ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു കെയർ ആൻഡ് ക്യൂർ എഫ്.സിയുടെ ജയം. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു രണ്ട് ഗോളിന്റെയും പിറവി. രണ്ടാം പകുതിയുടെ 55ാം മിനിറ്റിൽ വിശാഖ് മോഹനനാണ് കെയർ ആൻഡ് ക്യുവറിന്റെ ആദ്യ ഗോൾ നേടിയത്. 73ാം മിനിറ്റിൽ നിതിന്റെ വകയായിരുന്നു രണ്ടാം ഗോൾ. എതിരാളികൾ തിരിച്ചടിക്കാൻ ഉള്ള പല ശ്രമങ്ങൾ നടത്തിയെങ്കിലും എല്ലാം വിഫലമായി. സലാഹുദ്ദീൻ അദ്നാൻ മാൻ ഓഫ് ദി മാച്ച് ആയി. സിറ്റി എക്സ്ചേഞ്ച് എഫ്.സി -ഗ്രാൻഡ് മാൾ എഫ്.സി രണ്ടാം സെമിയിലെ വിജയികളാകും ഫൈനലിലെ എതിരാളികൾ. വെള്ളിയാഴ്ചയാണ് കലാശപ്പോരാട്ടം.

