ഖത്തർ പ്രധാനമന്ത്രി -ലെബനൻ പ്രസിഡന്റ് ചർച്ച; ഉഭയകക്ഷി ബന്ധവും മേഖലയിലെ സമാധാനശ്രമങ്ങളും വിലയിരുത്തി
text_fieldsഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി ലെബനൻ പ്രസിഡന്റ് ജോസഫ് ഔൻ കൂടിക്കാഴ്ചക്കിടെ
ദോഹ: ഉഭയകക്ഷി ബന്ധവും മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളും വിലയിരുത്തി ലെബനൻ പ്രസിഡന്റ് ജോസഫ് ഔനുമായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ബെയ്‌റൂത്തിൽ കൂടിക്കാഴ്ച നടത്തി.
വെള്ളിയാഴ്ച നടന്ന ചർച്ചയിൽ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആശംസ സന്ദേശം പ്രധാനമന്ത്രി ലെബനൻ പ്രസിഡന്റിന് കൈമാറി. ഖത്തറും ലെബനനും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. ലെബനനിലെയും പശ്ചിമേഷ്യൻ മേഖലയിലെയും നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ നേതാക്കൾ, സംഘർഷങ്ങൾ കുറക്കാനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുമുള്ള വഴികൾ പങ്കുവെച്ചു. ലെബനന്റെ പരമാധികാരം, ഐക്യം എന്നിവക്ക് ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.

