ലോകകപ്പ് ചാമ്പ്യൻ താരത്തെ സ്വന്തമാക്കി റയ്യാൻ
text_fieldsസ്റ്റീവൻ എൻസോൻസി ക്ലബ് പ്രസിഡൻറ് ശൈഖ് അലി ബിൻ സൗദ് ആൽഥാനി, കോച്ച് ലോറൻറ് ബ്ലാങ്ക് എന്നിവർക്കൊപ്പം റയ്യാൻ ജഴ്സിയുമായി
ദോഹ: കൊളംബിയൻ സൂപ്പർ താരം ഹാമിഷ് റോഡ്രിഗസിനെ സ്വന്തമാക്കി ഒരാഴ്ച തികയും മുമ്പ് മറ്റൊരു ലോകകപ്പ് ചാമ്പ്യൻ ടീം അംഗവുമായി കരാറിൽ ഒപ്പുവെച്ച് അൽ റയ്യാൻ എഫ്.സിയുടെ ശ്രദ്ധേയ നീക്കം. 2018 ലോകകപ്പ് കിരീടമണിഞ്ഞ ഫ്രഞ്ച് ടീമിലെ അംഗവും ഇറ്റാലിയൻ ക്ലബായ എ.എസ്. റോമയുടെ താരവുമായ ഡിഫൻസീവ് മിഡ്ഫീൽഡർ സ്റ്റീവൻ എൻസോസിയെയാണ് റയ്യാൻ തങ്ങളുടെ നിരയിലെത്തിച്ചത്. ഖത്തർ സ്റ്റാർസ് ലീഗിൽ നാല് കളി പിന്നിട്ടിട്ടും ആദ്യ ജയത്തിനായി കാത്തിരിക്കുന്ന റയ്യാൻ ടീം ലൈനപ്പ് ശക്തമാക്കുന്നതിൻെറ ഭാഗമായാണ് പുതിയ കരാറുകൾ. 2018 ലോകകപ്പ് ടീമിലെ അംഗമായിരുന്നെങ്കിലും കളത്തിലിറങ്ങാൻ ഫൈനൽ വരെ സ്റ്റീവൻ എൻസോസിക്ക് കാത്തിരിക്കേണ്ടിവന്നു. ക്രൊയേഷ്യക്കെതിരായ ഫൈനലിൽ 55ാം മിനിറ്റിൽ എനഗോളോ കാൻെറക്ക് പകരക്കാരനായിറങ്ങിയ താരം 4-2ന് ഫ്രാൻസ് ജയിച്ച മത്സരത്തിൽ കപ്പുയർത്താൻ ഭാഗ്യം ലഭിച്ച താരമായി. 2018 മുതൽ റോമയിലായിരുന്നെങ്കിലും ലോണിൽ ഫ്രഞ്ച് ക്ലബ് റെന്നസിൽ കളിക്കവെയാണ് അൽ റയ്യാനിലേക്കുള്ള വരവ്. ഒക്ടോബർ 22 അൽ തുമാമ സ്റ്റേഡിയത്തിൽ അൽ സദ്ദിനെതിരായ അമീർ കപ്പ് ഫൈനലിനുള്ള ഒരുക്കത്തിനിടെയാണ് പ്രധാന താരങ്ങളുടെ വരവ്.

