Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിസ്ഥിതി സംരക്ഷണ കാമ്പയിനുമായി ഖത്തർ പരിസ്ഥിതി മന്ത്രാലയം

text_fields
bookmark_border
അൽ ഗുവൈരിയയിൽ 5,000 വിത്തുകളും 300 തൈകളും നട്ടുപിടിപ്പിച്ചു
പരിസ്ഥിതി സംരക്ഷണ കാമ്പയിനുമായി ഖത്തർ പരിസ്ഥിതി മന്ത്രാലയം
cancel

ദോഹ: ഖത്തറിലെ സ്വാഭാവിക സസ്യസമ്പത്ത് പുനഃസ്ഥാപിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സമഗ്ര കാമ്പയിന് തുടക്കമിട്ട് പരിസ്ഥിതി -കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. വന്യജീവി വികസന വകുപ്പിന്റെ നേതൃത്വത്തിൽ അൽ ഗുവൈരിയ മേഖലയിലെ 'റൗദത്തുൽ സുവൈരിയത്തിൽ' വ്യാപകമായി ചെടികൾ വെച്ചുപിടിപ്പിച്ചു. 5,000 വിത്തുകൾ വിതയ്ക്കുകയും 300 തൈകൾ നടുകയും ചെയ്താണ് പ്രചാരണത്തിന് തുടക്കമിട്ടത്.

മഴക്കാലത്തിന് മുന്നോടിയായി വിത്തുകൾ വിതക്കുന്നതിലൂടെ സസ്യങ്ങൾ വേഗത്തിൽ മുളച്ചുപൊന്തുന്നതിനും സ്വാഭാവികമായി വളരുന്നതിനും സഹായകരമാകുമെന്ന് മന്ത്രാലയം വിശദമാക്കി. പരിസ്ഥിതി സംരക്ഷണത്തിന്റെയും തൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താനും സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാനും കാമ്പയിനിലൂടെ ലക്ഷ്യമിടുന്നു.

മഴവെള്ളം സംഭരിക്കപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളായ 'റൗദകൾ' പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മഴക്കാലത്ത് പെട്ടെന്ന് പച്ചപ്പ് നിറയുന്ന ഇത്തരം റൗദകൾ സസ്യങ്ങൾ വളരുന്നതിനും, പക്ഷിമൃഗാദികൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കുന്നതിനും, ഭൂഗർഭജലനിരപ്പ് ഉയർത്തുന്നതിനും സഹായകമാണ്.

അനുയോജ്യമായ മേഖലകൾ കൃത്യമായി തിരിച്ചറിഞ്ഞ് സംരക്ഷണം ഉറപ്പാക്കാൻ ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം, റിമോട്ട് സെൻസിങ്, സാറ്റലൈറ്റ് വിശകലനം, ഡിജിറ്റൽ സ്പാഷ്യൽ ഡേറ്റാബേസ് തുടങ്ങിയ ആധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്.

അനുയോജ്യമായ തദ്ദേശീയ സസ്യയിനങ്ങൾ തിരഞ്ഞെടുക്കാനും, കൃത്യമായ പരിചരണം നൽകാനും, മരങ്ങൾ വെട്ടിമാറ്റുന്നത് തടയാനും മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നുണ്ട്. കൂടാതെ സസ്യങ്ങൾക്കിടയിലൂടെ വാഹനങ്ങൾ ഓടിക്കുന്നത് പോലുള്ള പ്രവർത്തികളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Protecting Qatar Environment Through Reforestation
Next Story