സി.ബി.എസ്.ഇ നാഷനൽ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്; എം.ഇ.എസ് സ്കൂളിന് വെങ്കല മെഡൽ
text_fieldsദോഹ: ഹരിയാനയിലെ കുരുക്ഷേത്രയിലുള്ള മദർ തെരേസ മോഡേൺ പബ്ലിക് സ്കൂളിൽ നടന്ന സി.ബി.എസ്.ഇ നാഷണൽ അണ്ടർ -14 ബോയ്സ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ. രാജ്യത്തുടനീളമുള്ള മികച്ച ടീമുകളോട് മത്സരിച്ചാണ് എം.ഇ.എസ് വിദ്യാർഥികൾ അഭിമാനാർഹമായ വിജയം സ്വന്തമാക്കിയത്. വിജയം കൈവരിച്ച വിദ്യാർഥികളെയും പരിശീലകൻ മുഹമ്മദ് നവാസിനെയും സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദറും അഭിനന്ദിച്ചു. ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെയും മാതാപിതാക്കളുടെയും പിന്തുണ സ്കൂൾ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയ സ്കൂൾ ടീമിന് മാനേജ്മെന്റും ഭാരവാഹികളും ചേർന്ന് സ്വീകരണം നൽകി.
തുടർന്ന് സ്കൂളിൽ നടന്ന സ്വീകരണ ചടങ്ങിൽ, വിദ്യാർഥികളെ എം.ഇ.എസ് ഗവേണിങ് ബോർഡ് ഡയറക്ടർ പി.ടി. അഷ്റഫ് ഷറഫുദ്ദീൻ, പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

