ഇന്റർ സ്കൂൾ അത്ലറ്റിക് മീറ്റ്; ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിന് മിന്നും ജയം
text_fieldsഇന്റർ സ്കൂൾ അത്ലറ്റിക് മീറ്റിൽ ഓവറോൾ റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കിയ ശാന്തിനികേതൻ
ഇന്ത്യൻ സ്കൂൾ ടീം
ദോഹ: ദോഹ സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റിയിൽ നടന്ന ഇന്റർ സ്കൂൾ അത്ലറ്റിക് മീറ്റിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന ജയം. സ്കൂളിലെ 60 അത്ലറ്റുകൾ പങ്കെടുത്ത മീറ്റിൽ 127 പോയന്റോടെ ഓവറോൾ റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കി. 28 സ്വർണം, 16 വെള്ളി, ഒമ്പത് വെങ്കല മെഡലുകളാണ് സ്കൂൾ പട്ടികയിൽ എഴുതിച്ചേർത്തത്.
വാശിയേറിയ റിലേ മത്സരത്തിൽ അണ്ടർ 16 ആൺകുട്ടികൾ, അണ്ടർ 14 പെൺകുട്ടികൾ, അണ്ടർ 12 പെൺകുട്ടികൾ, അണ്ടർ 10 ആൺകുട്ടികൾ എന്നിവരുടെ ടീം സ്വർണം നേടി. ഐദ ജസീം, ഹാദി അമാൻ എന്നിവർ സ്വന്തമാക്കിയ വ്യക്തിഗത ചാമ്പ്യൻഷിപ്പും സ്കൂളിന് കരുത്തായി.
നേട്ടത്തിന് പിന്നിൽ പ്രയത്നിച്ച വസീഉല്ലയെയും കായിക വിദ്യാഭ്യാസ വകുപ്പിനെയും പ്രിൻസിപ്പൽ റഫീഖ് റഹീം അഭിനന്ദിച്ചു.

