ഈയാഴ്ച ഖത്തറിന് സൗഹൃദ മത്സരങ്ങൾ
text_fieldsദോഹ: ഒക്ടോബറിൽ ആരംഭിക്കുന്ന ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾക്ക് മുന്നോടിയായി ഖത്തറിന് ഈയാഴ്ചയിൽ സൗഹൃദ മത്സരങ്ങളുടെ തിരക്ക്. സെപ്റ്റംബർ ഏഴിന് കെനിയയെയും 12ന് റഷ്യയെയും സ്വന്തം മണ്ണിൽ നേരിടും.
അൽ ജനൂബ് സ്റ്റേഡിയത്തിൽ വൈകീട്ട് 6.15നാണ് മത്സരങ്ങൾ. 2026 ലോകകപ്പ് ഫുട്ബാളിന് യോഗ്യത നേടാൻ ലക്ഷ്യമിടുന്ന ഖത്തറിന്റെ രണ്ടാം റൗണ്ടിലെ മത്സരങ്ങളാണ് ഒക്ടോബർ-നവംബറിൽ നടക്കുന്നത്.
സൗഹൃദ മത്സരത്തിനുള്ള 26 അംഗ ടീമിനെ കോച്ച് കാർലോസ് ക്വിറോസ് പ്രഖ്യാപിച്ചു. നായകൻ ഹസൻ അൽ ഹൈദോസ്, അക്രം അഫീഫ്, അൽ മുഈസ് അലി ഉൾപ്പെടെ പ്രമുഖരെല്ലാം ടീമിലുണ്ട്. കോൺകകാഫ് ഗോൾഡ് കപ്പും കഴിഞ്ഞുള്ള ഖത്തറിന്റെ ആദ്യ പോരാട്ടങ്ങൾക്ക് കൂടിയാണ് തുടക്കമാവുന്നത്. ലോകകപ്പിനും 2027 ഏഷ്യൻ കപ്പിനുമുള്ള യോഗ്യത റൗണ്ടിലെ ഖത്തറിന്റെ ആദ്യ മത്സരം നവംബർ 16നാണ്. അഫ്ഗാനിസ്താനോ മംഗോളിയയോ ആകും എതിരാളികൾ. 21ന് ഇന്ത്യക്കെതിരെ ഒഡിഷയിലെ ഭുവനേശ്വറിലാണ് ഖത്തറിന്റെ രണ്ടാം അങ്കം.

