Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫിഫ അണ്ടർ 17 ലോകകപ്പ്: പ്രീസെയിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

text_fields
bookmark_border
വിസ കാർഡ് ഉടമകൾക്ക് ടിക്കറ്റുകൾ www.roadtoqatar.qa വെബ്‌സൈറ്റിലൂടെ സ്വന്തമാക്കാം
ഫിഫ അണ്ടർ 17 ലോകകപ്പ്: പ്രീസെയിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
cancel

ദോഹ: ഫിഫ അണ്ടർ -17 ലോകകപ്പ് ആരംഭിക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. വിസ കാർഡ് ഉടമകൾക്കായുള്ള പ്രീസെയിൽ കാലയളവോടെയാണ് ടിക്കറ്റ് വിൽപ്പനക്ക് തുടക്കമായത്. ടിക്കറ്റുകൾ www.roadtoqatar.qa എന്ന വെബ്‌സൈറ്റ് വഴി ലഭ്യമാണ്. പൊതുവിലുള്ള ടിക്കറ്റ് വിൽപ്പന ഒക്ടോബർ 26ന് ആരംഭിക്കും. നവംബർ 19 മുതൽ ഡിസംബർ 13 വരെ ആസ്പയർ സോണിലെ അത്യാധുനിക കോമ്പറ്റിഷൻ കോംപ്ലക്സിൽ ടൂർണമെന്റ് നടക്കും. കലാശപ്പോരാട്ടത്തിന് അഹമ്മദ് ബിൻ അലി സ്റ്റേഡിയം വേദിയാകും. 48 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ആകെ 104 മത്സരങ്ങളുണ്ടാകുക. ഗ്രൂപ്പുഘട്ടത്തിൽ പ്രതിദിനം എട്ട് മത്സരങ്ങൾ വരെ നടക്കും.

ടൂർണമെന്റിന്റെ എല്ലാ ടിക്കറ്റുകളും ഡിജിറ്റൽ രൂപത്തിലാണ് ലഭ്യമാകുക. ആരാധകർക്കായി 'ഡേ പാസ്' സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഒരു ദിവസം നടക്കുന്ന ഒന്നിലധികം മത്സരങ്ങൾ കാണുന്നതിനും ഫാൻ സോണിലെ സാംസ്കാരിക, വിനോദ പരിപാടികളിൽ പങ്കെടുക്കാനും സാധിക്കും. ഗ്രൂപ്പ് ഘട്ടം, റൗണ്ട് ഓഫ് 32, പ്രീ ക്വാർട്ടർ, ക്വാർട്ടർ എന്നിവയ്ക്കുള്ള ഡേ പാസിന് ഒരു ദിവസത്തേക്ക് 20 ഖത്തരി റിയാലാണ് നിരക്ക്. ഒരാൾക്ക് ഒരു മാച്ച് ഡേയിൽ പരമാവധി ആറ് ഡേ പാസുകൾ വരെ സ്വന്തമാക്കാം.

കൂടുതൽ ഫാൻസുള്ള മത്സരങ്ങളിൽ സീറ്റുകൾ നേരത്തേ ഉറപ്പിക്കാൻ 'പ്രൈം പാസ്' ആരാധകർക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഗ്രൂപ്പ് ഘട്ടം, റൗണ്ട് ഓഫ് 32, പ്രീ ക്വാർട്ടർ, ക്വാർട്ടർ, സെമി ഫൈനൽ എന്നിവക്ക് 35 ഖത്തരി റിയാൽ ആണ് നിരക്ക്. ഓരോ സ്റ്റേഡിയത്തിന്റെയും സൗകര്യത്തിന് അനുസരിച്ച് പ്രൈം പാസുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫൈനൽ ടിക്കറ്റുകൾ കാറ്റഗറി 1- 30 റിയാൽ നിരക്കിലും, കാറ്റഗറി 2-ന് 15 റിയാൽ നിരക്കിലും ലഭ്യമാണ്. ഒരാൾക്ക് പരമാവധി ആറ് ടിക്കറ്റുകൾ വരെ വാങ്ങാം.

ഭിന്നശേഷി ആരാധകർക്കായി പ്രത്യേക സൗകര്യങ്ങളോട് കൂടിയ പ്രവേശന ടിക്കറ്റുകളും ലഭ്യമാണ്. ഇതോടൊപ്പം കൂട്ടാളിക്കുള്ള ഒരു സൗജന്യ ടിക്കറ്റും ലഭിക്കും. ആക്സസിബിലിറ്റി സീറ്റുകൾക്കായി ഭിന്നശേഷിക്കാരായ ആരാധകർക്ക് accessibility.tickets@sc.qa എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം. 2029 വരെ ഖത്തർ തുടർച്ചയായി ഖത്തർ തന്നെയാണ് കൗമാര ലോകകപ്പിന് ആതിഥേയത്വമരുളുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - FIFA U-17 World Cup Qatar 2026: Exclusive Presale Ticket Sales Begin
Next Story