മൽഖ റൂഹി ചികിത്സ കെ.എം.സി.സി ഖത്തർ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു
text_fieldsദോഹ: മൽഖ റൂഹി എന്ന കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഖത്തർ ചാരിറ്റിയുടെ അംഗീകാരത്തോടെ നടത്തുന്ന ചികിത്സ ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായി ജൂലൈ 12ന് വെള്ളിയാഴ്ച കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഖത്തറിലെ മലയാളി കുടുംബത്തിന്റെ നാലു മാസം പ്രായമായ കുഞ്ഞിനാണ് എസ്.എം.എ ടൈപ് -1 രോഗം ബാധിച്ചത്. ചലഞ്ച് വിജയിപ്പിക്കാൻ സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത്, സബ്കമ്മിറ്റി ഭാരവാഹികളുടെ സംയുക്ത യോഗം ചേർന്നു.
അടുത്ത ദിവസങ്ങളിലായി സംസ്ഥാന കൗൺസിലർമാർ, മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത് ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി വർക് ഫോഴ്സ് രൂപവത്കരിക്കും. ചലഞ്ച് വിജയിപ്പിക്കാൻ വിവിധ തലങ്ങളിൽ വർക് ഫോഴ്സ് രൂപവത്കരിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങളെ പിന്തുണക്കാനും ഓർഡറുകൾ കണ്ടെത്തി കൂടുതൽ ഫണ്ട് സ്വരൂപിക്കാനും പൊതുസമൂഹത്തിന്റെ പിന്തുണ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു.
യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ഭാരവാഹികളായ ഷാഫി ഹാജി, അബ്ദുന്നാസർ നാച്ചി, സംസ്ഥാന ഭാരവാഹികൾ, ജില്ല ഭാരവാഹികൾ, സംസ്ഥാന വിങ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറർ പി.എസ്.എം ഹുസൈൻ നന്ദിയും പറഞ്ഞു.
https://forms.gle/cta9CNgpQ8jsHqzY8 എന്ന ഗൂഗ്ൾ ഫോം ലിങ്കിലൂടെ ബിരിയാണി ചലഞ്ചിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

