അമീർ കപ്പ് ഫൈനൽ: ടിക്കറ്റ് വിൽപന ആരംഭിച്ചു
text_fieldsദോഹ: ഖത്തറിലെ ക്ലബ് ഫുട്ബാളിലെ സൂപ്പർ പോരാട്ടമായ അമീർ കപ്പ് ഫൈനലിലെ ടിക്കറ്റുകൾ ഇപ്പോൾ സ്വന്തമാക്കാം. മേയ് 12ന് ലോകകപ്പ് ഫുട്ബാൾ വേദിയായ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന അൽ സദ്ദ്, അൽ അറബി ഫൈനൽ പോരാട്ടത്തിന്റെ ടിക്കറ്റ് വിൽപന വെള്ളിയാഴ്ച ആരംഭിച്ചു.
http://tickets.qfa.qa വെബ്സൈറ്റ് വഴി ടിക്കറ്റുകൾ സ്വന്തമാക്കാം. കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളിലാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. 50, 30, 10 റിയാലാണ് നിരക്ക്. എല്ലാം പ്രായക്കാർക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ മാച്ച് ടിക്കറ്റുകൾ നിർബന്ധമാണ്. ഒരാൾക്ക് ആറു ടിക്കറ്റുകൾ വരെ ഓൺലൈൻ വഴി വാങ്ങാം.
മത്സരത്തിനെത്തുന്ന കാണികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഒരുക്കിയതായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ഖാലിദ് മുബാറക് അൽ കുവാരി പറഞ്ഞു. അൽ സദ്ദ്, അൽ അറബി ആരാധകർക്ക് ക്ലബ് ഹെഡ്ക്വാർട്ടേഴ്സ് വഴിയും ടിക്കറ്റുകൾ വാങ്ങാം. പ്രത്യേക കിയോസ്കുകൾ വഴിയാവും ടിക്കറ്റുകൾ വിൽക്കുന്നത്. മേയ് 12ന് രാത്രി ഏഴു മണിക്കാണ് മത്സരം.

