ഗസ്സക്ക് പ്രാർഥനകളുമായി പെരുന്നാൾ ആഘോഷം
text_fieldsസീബ് വിലായത്തിലെ സയ്യിദ ഫാത്തിമ ബിൻത് അലി മസ്ജിദിൽ പെരുന്നാൾ പ്രാർഥനയിൽ
പങ്കെടുക്കുന്ന സുൽത്താൻ ഹൈതം ബിൻ താരിഖ്
ലിവ മദ്റസത്തുൽ ഉലൂം ഹാളിൽ നടത്തിയ പെരുന്നാൾ പ്രാർഥനയിൽ ആശിഖുൽ ഹാദി വാഫി ഈദ് സന്ദേശം നൽകുന്നു
മസ്കത്ത്: പുണ്യമാസത്തിൽ നേടിയെടുത്ത വിശുദ്ധിയുടെ നിറവിൽ വിശ്വാസി സമൂഹം ചെറിയ പെരുന്നാൾ ആഘോഷിച്ചു. പുലർച്ചെ തന്നെ മസ്ജിദുകളിലേക്കും ഈദ് ഗാഹുകളിലേക്കും ഒഴുകിയ ജനങ്ങൾ തക്ബീർ ധ്വനികളാൽ ഭക്തി സാന്ദ്രമാക്കി. റമദാനിൽ നേടിയെടുത്ത ആത്മീയ ചൈതന്യം വരും കാലങ്ങളിലേക്കുള്ള പ്രവർത്തനങ്ങൾക്ക് കരുത്തേകണമെന്നും ഇമാമുമാർ പെരുന്നാൾ പ്രഭാഷണങ്ങളിൽ വിശ്വാസികളെ ഉണർത്തി.
ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്കുവേണ്ടി പ്രത്യേക പ്രാർഥനകളും നടന്നു. പരസ്പരം ആശ്ലേഷിച്ചും സ്നേഹ സന്ദേശങ്ങൾ കൈമാറിയുമാണ് മസ്ജിദുകളിൽനിന്നും ഈദ് ഗാഹുകളിൽനിന്നും ആളുകൾ പിരിഞ്ഞുപോയത്. വിവിധ ഇടങ്ങളിൽ ലഘു വിഭവങ്ങളും മധുര പാനീയങ്ങളും വിതരണം ചെയ്തു.
മലായാളികളടക്കമുള്ളവർ ബന്ധുവീട്ടിലും മറ്റും ചെലവഴിച്ചു. പെരുന്നാൾ ആഘോഷിക്കാൻ ജനങ്ങൾ മത്രയടക്കമുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഉച്ചയോടെ തന്നെ ഒഴുകാൻ തുടങ്ങിയിരുന്നു.
സ്വദേശികളോടൊപ്പം വിദേശികളും എത്തിയതോടെ റോഡുകളിൽ പലയിടത്തും ഗതാഗത തടസ്സവും നേരിട്ടു. റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വേണ്ട ക്രമീകരണങ്ങളുമായി രംഗത്തുണ്ടായിരുന്നു. മുവാസലാത്ത് പതിവുപോലെ സർവിസ് നടത്തിയത് സാധാരണക്കാരായ പ്രവാസികൾക്ക് സഹായമായി. പെരുന്നാൾ നമസ്കാരത്തിനും ഈദ് ഗാഹിനും വിപുലമായ സൗകര്യമായിരുന്നു രാജ്യത്ത് ഒരുക്കിയിരുന്നത്.
മസ്കത്ത് ഗവർണറേറ്റ് സീബ് വിലായത്തിലെ സയ്യിദ ഫാത്തിമ ബിൻത് അലി മസ്ജിദിൽ ആണ് സുൽത്താൻ ഹൈതം ബിൻ താരിഖ് പെരുന്നാൾ നമസ്കാരം നിർവഹിച്ചത്. ഔഖാഫ്, മതകാര്യ മന്ത്രി ഡോ.മുഹമ്മദ് ബിൻ സഈദ് അൽ മമാരിയാണ് ഈദ് നമസ്കാരത്തിനും പ്രാർഥനക്കും നേതൃത്വം നൽകിയത്. രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, സ്റ്റേറ്റ് കൗൺസിലിന്റെ ചെയർമാൻമാർ, സുൽത്താന്റെ സായുധ സേനയുടെയും മറ്റ് സൈനിക, സുരക്ഷ വിഭാഗങ്ങളുടെയും കമാൻഡർമാർ, ഒമാനിലെ ഇസ്ലാമിക രാജ്യങ്ങളുടെ നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാർ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, ഉപദേശകർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. ഈദ് പ്രാർഥനകൾക്ക് ശേഷം അൽ ആലം കൊട്ടാരത്തിൽ തിരിച്ചെത്തിയ സുൽത്താന്‍ നിരവധിപേർ ആശംസകൾ കൈമാറി.
രാജകുടുംബാംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരായിരുന്നു ഹൃദയംഗമമായ ആശംസകൾ കൈമാറിയത്. ആശംസകൾക്ക് നന്ദി പറഞ്ഞ സുൽത്താൻ തിരിച്ചും അഭിവാദ്യങ്ങൾ കൈമാറി.
മന്ത്രിസഭ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹമൂദ് അൽ സഈദ് മസ്കത്തിലെ അൽ ഖോർ പള്ളിയിലാണ് പ്രാർഥന നടത്തിയത്. സുൽത്താനേറ്റിന്റെ അസിസ്റ്റന്റ് ഗ്രാൻഡ് മുഫ്തി ഡോ. കഹ്ലാൻ ബിൻ നബ്ഹാൻ അൽ ഖറൂസി പ്രാർഥനക്ക് നേതൃത്വം നൽകി. റൂവി മച്ചി മാർക്കറ്റ് മസ്ജിദിൽ മുഹമ്മദ് അലി ഫൈസി, മത്ര ത്വാലിബ് മസ്ജിദിൽ ഷെയ്ഖ് അബ്ദുൽ റഹ്മാൻ മൗലവി, റൂവി ആദംസ് മജ്ലിസിൽ റഫീഖ് സഖാഫി കുപ്പാടിത്തറ, റുസ്താഖ് ബി.പി ഒമാന്‍ ഓയില്‍ പമ്പിനടുത്തുള്ള മസ്ജിദിൽ കാസ്സിം മദനി, ഹിജാരി ടൗണ്‍ മസ്ജിദിൽ അബ്ദുറസാഖ് സൈനി, സഹം ഹോസ്പിറ്റല്‍ മസ്ജിദിൽ സിറാജുദ്ദീന് ബാഖവി ഉളിക്കലൽ, മസ്കത്ത് സുബൈര്‍ മസ്ജിദിൽ അബ്ദുല്ല അന്‍വര്‍ ബാഖവി, അല്‍ വാദി മസ്ജിദ് ഹഫീള് അല്‍ ദ്വീപിൽ അഹമ്മദ് സഖാഫി, അല്‍ ഖര്‍ള് മസ്ജിദ് ഷന്ഫരിയിൽ അഷ്റഫ് ബാഖവിയും പെരുന്നാൾ പ്രാർഥനക്ക് നേതൃത്വം നൽകി.
ഷാബിയത് മസ്ജിദ് താരിഖ് ബിന്‍ സിയാതിൽ ജാഫര്‍ ബാഖവി, സആദ മസ്ജിദ് റൗളയിൽ ഹുസൈന് സഖാഫി, സീബ് സൂഖ് മക്ക ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം ത്വാലിബ് മസ്ജിദിൽ ആമിര്‍ അഹ്സനി, അല്‍ ഖൂദ് റൗണ്ട് എബൗട്ടിന് സമീപം ലുലു മസ്ജിദിൽ ഉമര്‍ ഫൈസി, മബേല സനായ നമ്പര്‍ 3 മസ്ജിദ് അല്‍ ആമിരിയിൽ ത്വാഹ, ബാബില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം അല്‍ഖൂദ് സൂഖ് മസ്ജിദ് അബൂബക്കര്‍ സിദ്ദീഖിൽ ജഅഫര്‍ സഅദി, റുസൈല്‍ മാര്‍ക്കറ്റ് ജുമുഅത്ത് പള്ളിയിൽ (മസ്ജിദ് റഹ്മാന്) മുഹ്സിന് സഖാഫി എരുമമുണ്ട, അല്‍ ഹെയ്ല്‍ നോര്‍ത്ത് മസ്ജിദ് ഖഅ്ഖാഅ്ബിനു അംറിൽ മന്‍സൂര്‍ സഖാഫി കൊളത്തൂര്‍, അൽ ഹൈൽ ഷെൽ പമ്പ് മസ്ജിദിൽ മുസ്തഫ റഹ്മാനി മബേല, മബേല ഇന്ത്യൻ സ്കൂളിന് സമീപം ജാമിഉ ത്വവാബ് മസ്ജിദിൽ മുഹമ്മദ് ഉവൈസ് വഹബി, മബേല ബി.പി മസ്ജിദിൽ എം.എ ശക്കീർ ഫൈസി തലപ്പുഴ, ബൗഷർ മസ്ജിദുൽ റഹ്മയിൽ മൊയിൻ ഫൈസി, മുസന്ന തരീഫ് ജുമാമസ്ജിദിൽ അബ്ദുൽ ഖാദിർ വയനാട്, ഖദറ നാസർ മസ്ജിദിൽ ശബീർ ഫൈസി, സുഹാർ അത്താർ മസ്ജിദിൽ സയ്യിദ് ശംസുദ്ദീൻ ഫൈസി, ബർക്ക അദ്ഹം സൂഖ് മസ്ജിദ് സ്വാലിഹിൽ സുനീർ ഫൈസി ചുങ്കത്തറ, സലാല മസ്ജിദ് ഹിബ്റിൽ ലത്തീഫ് ഫൈസി തിരുവള്ളൂർ, സിനാവ് ആമിറലി മസ്ജിദിൽ മുസ്തഫ നിസാമി, ബൂഅലി സൂഖ് ഹോസ്പിറ്റൽ മസ്ജിദിൽ അബ്ദുൽ ഹമീദ് ഹുദവി, ലിവ മദ്റസത്തുൽ ഉലൂം ഹാളിൽ ആശിഖുൽ ഹാദി വാഫിയും പെരുന്നാൾ നമസ്കാരത്തിന് കാർമികത്വം വഹിച്ചു.
സലാല: ഐ.എം.ഐ സലാല മസ്ജിദ് ഉമർ റാവാസിൽ സംഘടിപ്പിച്ച ഈദ് നമസ്കാരത്തിന് കെ. ഷൗക്കത്തലി മാസ്റ്റർ നേതൃത്വം നൽകി. ഖുർആനിന്റെ ചൈതന്യത്തെ മുറുകെപ്പിടിച്ച് ഐക്യപ്പെടുവാനും ശാക്തീകരിക്കാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
എസ്.ഐ.സി മസ്ജിദ് ഹിബ്റിൽ ഒരുക്കിയ ഈദ് നമസ്കാരത്തിന് അബ്ദുല്ലത്തീഫ് ഫൈസിയാണ് നേതൃത്വം നൽകിയത്. ഐ.സി.എഫ് സലാല മസ്ജിദ് ബാ അലവിയിൽ ഒരുക്കിയ ഈദ് നമസ്കാരത്തിന് മുഹമ്മദ് റാഫി സഖാഫിയും മസ്ജിദ് ഹഫീളിൽ നടന്ന നമസ്കാരത്തിന് അഹമ്മദ് സഖാഫിയും കാർമികത്വം വഹിച്ചു. നാട്ടിൽനിന്ന് സ്കൂൾ അവധിക്ക് സലാലയിലെത്തിയ നിരവധി പേർ ഈദ് നമസ്കാരത്തിൽ പങ്കെടുത്തു.
പരസ്പരം ആശ്ലേഷിച്ച് പ്രാർഥിച്ച് ഈദ് ആശംസകൾ കൈമാറിയാണ് എല്ലാവരും പിരിഞ്ഞത്.
അൽഖൂദ് വില്ലേജിൽ സ്വദേശികളുടെ നേതൃത്വത്തിൽ നടന്ന പെരുന്നാൾ ആഘോഷം -വി.കെ. ഷെഫീർ
ഐ.എം.ഐ സലാല മസ്ജിദ് ഉമർ റവാസിൽ സംഘടിപ്പിച്ച ഈദ് നമസ്കാരത്തിന് കെ. ഷൗക്കത്തലി മാസ്റ്റർ നേതൃത്വം നൽകുന്നു
റൂവി മച്ചി മാർക്കറ്റ് മസ്ജിദിലെ പെരുന്നാൾ പ്രാർഥനയിൽനിന്ന്

