സിദ്ദീഖ് ഹസ്സന് യൂനിവേഴ്സല്‍ റെക്കോഡ് ഫോറത്തിന്റെ അവാര്‍ഡ്
text_fieldsസിദ്ദീഖ് ഹസ്സന്
മസ്കത്ത്: കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യൂനിവേഴ്സല്‍ റെക്കോഡ് ഫോറത്തിന്റെ (യു.ആര്.എഫ്) ഹാള്‍ ഓഫ് ഗ്ലോബല്‍ ഫെയിം അവാര്‍ഡിന് ഒമാനിലെ സാമൂഹിക, സാംസ്കാരിക പ്രവര്ത്തകന് സിദ്ദീഖ് ഹസ്സന് അര്‍ഹനായതായി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രളയസമയത്തും കോവിഡ് മഹാമാരിയുടെ കാലത്തും നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് സിദ്ദീഖ് ഹസ്സനെ അവാര്‍ഡിനർഹനാക്കിയതെന്ന് യു.ആര്.എഫ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും അറിയിച്ചു.
മാര്‍ച്ച് 12ന് ദുബൈയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഒമാനില്‍ പ്രവാസ ജീവിതം നയിക്കുന്ന സിദ്ദീഖ് ഹസ്സന് എറണാകുളം കുന്നത്തുനാട് പള്ളിക്കര സ്വദേശിയാണ്.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലബാര്‍ വിങ് കോ കണ്‍വീനറും ലോക കേരളസഭാംഗവുമാണ്. മുലദ്ദ ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ്, ഒ.ഐ.സി.സി അധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

