യുനൈറ്റഡ് കാർഗോ കപ്പ് സീസൺ 2: യുനൈറ്റഡ് കാർഗോ എഫ്.സി ജേതാക്കൾ
text_fieldsമസ്കത്ത്: ഫ്രന്റി എഫ്.സി സംഘടിപ്പിച്ച യുനൈറ്റഡ് കാർഗോ കപ്പ് സീസൺ 2 സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ യുനൈറ്റഡ് കാർഗോ എഫ്.സി കിരീടം ചൂടി. ആവേശകരമായ ഫൈനലിൽ മഞ്ഞപ്പട എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ യുവതാരം ജോവാൻ നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലും സഡൻ ഡെത്തിലുമുണ്ടായ സമനിലയെ തുടർന്ന് നറുക്കെടുപ്പിലൂടെ സെയ്നോ എഫ്.സി രണ്ടാം റണ്ണറപ്പും റിയലക്സ് എഫ്.സി മൂന്നാം റണ്ണറപ്പുമായി.മഞ്ഞപ്പട എഫ്.സിയുടെ വൈശാഖിനെ മികച്ച കളിക്കാരനായും ഷിബിലിനെ മികച്ച ഗോൾകീപ്പറായും തെരഞ്ഞെടുത്തു. യുനൈറ്റഡ് കാർഗോയുടെ റിയാസ് മികച്ച ഡിഫൻഡറായും ജോവാൻ മികച്ച യുവതാരമായും തെരഞ്ഞെടുക്കപ്പെട്ടു. സെയ്നോ എഫ്.സിയുടെ കണ്ണൻ രാഹുൽ ടോപ് സ്കോററായി.മുൻ അന്താരാഷ്ട്ര ഫുട്ബാൾ താരം മുഹമ്മദ് റാഫി, യുനൈറ്റഡ് കാർഗോ മാനേജിങ് ഡയറക്ടർ നിയാസ്, റംല ഖാദർ, സിയാദ് ഉണിച്ചിറ, സജി രാജ, ഷബി, നൗഫൽ, അഭിലാഷ് ശിവൻ തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഖത്തർ ലോകകപ്പിൽ ഖത്തർ ടീമിന്റെ ഔദ്യോഗിക ബസിൽ ഇടംപിടിച്ച ചിത്രം വരച്ച ഷഹ്സാൻ സാഖിയെയും ചടങ്ങിൽ ആദരിച്ചു.
മസ്കത്തിലെ പ്രമുഖ 16 ടീമുകൾ നാല് ഗ്രൂപ്പുകളിലായാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ‘ലഹരിയെ ഉപേക്ഷിക്കൂ, ഫുട്ബാളിനെ പ്രണയിക്കൂ’എന്ന സന്ദേശമുയർത്തിയായിരുന്നു മത്സരം സംഘടിപ്പിച്ചത്.ടൂർണമെന്റിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച കളറിങ് മത്സരത്തിൽ മൂന്ന് വിഭാഗങ്ങളിലായി 175ഓളം പേർ പങ്കെടുത്തു. ഒന്നാം വിഭാഗത്തിൽ ഐല വിനോജ്, ഹയ ഹനീഫ്, ഇൻറ റസാക്ക് എന്നിവരും രണ്ടാം വിഭാഗത്തിൽ ഐഷ ഷേയ, ആമിഷ് മരക്കാത്ത് റെജു, ആയിഷ സാദിക്ക് എന്നിവരും മൂന്നാം വിഭാഗത്തിൽ ഇസാഹ് ജേഷ്നാസ്, ഹുദ, ഫാത്തിമ എന്നിവരും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.ബിരിയാണി പാചക മത്സരത്തിൽ റജീന നിയാസ് ഒന്നാം സ്ഥാനവും റംഷിത നഫ്സൽ രണ്ടാം സ്ഥാനവും ആയിഷ ലിസി മൂന്നാം സ്ഥാനവും സ്വന്തമാക്കി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സരങ്ങൾ, നൃത്തപരിപാടികൾ, കാണികൾക്കുള്ള നറുക്കെടുപ്പ് എന്നിവയും സംഘടിപ്പിച്ചു. മസ്കത്തിലെ സെവൻസ് ഫുട്ബാൾ ടൂർണമെന്റുകളുടെ പുതിയ സീസണിന് തുടക്കം കുറിച്ച യുനൈറ്റഡ് കാർഗോ കപ്പ് കായികാവേശത്തിനൊപ്പം കുടുംബങ്ങളുടെ ആഘോഷവേദിയായി മാറി.

