സ്പെഷൽ ഒളിമ്പിക്സ് സമ്മർ ഗെയിംസ് ; മിന്നിത്തിളങ്ങി ഒമാൻ താരങ്ങൾ
text_fieldsമസ്കത്ത്: ജർമനിയിലെ ബെർലിനിൽ നടക്കുന്ന സ്പെഷൽ ഒളിമ്പിക്സ് സമ്മർ ഗെയിംസിൽ മിന്നിത്തിളങ്ങി ഒമാൻ താരങ്ങൾ.50 മീറ്റർ ബാക്സ്ട്രോക് നീന്തൽ മത്സരത്തിൽ മെഷാൽ അൽ-അമിരി, ഗോൾഫിൽ സഈദ് അൽ ജാബ്രി സ്വർണ മെഡലുകൾ നേടി.
വനിതാ ഷോട്ട്പുട്ടിൽ തുറായ അൽ ഷൈബാനി വെള്ളി മെഡലും പുരുഷ വിഭാഗത്തിൽ അബ്ദുൽ അസീസ് അൽഅസീസി വെങ്കലവും കരസ്ഥമാക്കി. ബാഡ്മിന്റൺ വിഭാഗത്തിൽ ഒമാനുവേണ്ടി അയ്മൻ ഖമീസും ഖാലിദ് അൽ മർഹൂണും വെങ്കലവും അണിഞ്ഞു. അശ്വാരൂഢ വിഭാഗത്തിൽ ഫാത്തിമ ബിൻത് മുഹമ്മദും അൽ ഹരിതിയും വെങ്കലവും അണിഞ്ഞു.
ഗെയിംസിൽ പങ്കെടുക്കുന്ന ഒമാനി പ്രതിനിധി സംഘത്തിൽ ബുദ്ധിപരമായ വൈകല്യമുള്ള 36 കളിക്കാരും ഒമ്പത് പങ്കാളി കളിക്കാരും ഉൾപ്പെടുന്നു. അത്ലറ്റിക്സ്, ബാഡ്മിന്റൺ, ബൗളിങ്, ഇക്വസ്ട്രിയൻ, ഫുട്സാൽ, ഗോൾഫ്, ഭാരോദ്വഹനം, റോളർ സ്കേറ്റിങ്, സെയിലിങ്, നീന്തൽ, ടേബിൾ ടെന്നിസ്, ടെന്നിസ് എന്നീ ഇനങ്ങളിലാണ് സുൽത്താനേറ്റിന്റെ താരങ്ങൾ പങ്കെടുക്കുന്നത്. ഗെയിംസിൽ 26 കായിക ഇനങ്ങളിലായി 190 രാജ്യങ്ങളിൽനിന്നുള്ള മാനസിക വൈകല്യമുള്ള 7,000 പുരുഷന്മാരും സ്ത്രീകളുമാണ് മാറ്റുരക്കുന്നത്. മേള ഈമാസം 25ന് സമാപിക്കും.

