‘ശബാബ് ഒമാൻ -രണ്ട്’ ടാൻജിയർ വിട്ടു; ഇനി അൽമേരിയയിലേക്ക്
text_fieldsമസ്കത്ത്: ഏഴാമത് അന്താരാഷ്ട്ര യാത്രയുടെ ഭാഗമായി റോയൽ നേവി ഓഫ് ഒമാന്റെ (ആർ.എൻ.ഒ) കപ്പലായ ‘ശബാബ് ഒമാൻ-രണ്ട്’ മൊറോക്കോ ടാൻജിയർ തുറമുഖത്തുനിന്ന് സ്പെയിനിലെ അൽമേരിയ തുറമുഖത്തേക്ക് തിരിച്ചു. കപ്പലിന്റെ മടങ്ങിവരവിലെ മൂന്നാമത്തെ സ്റ്റോപ്പാണിത്. ടാൻജിയർ തുറമുഖത്ത് ഊഷ്മള വരവേൽപ്പായിരുന്നു കപ്പലിന് ലഭിച്ചിരുന്നത്. അതേസമയം, ‘ശബാബ് ഒമാൻ-രണ്ട്’ സന്ദർശിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലെത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രോത്സവങ്ങളിലൊന്നായ ‘സെയിൽ ആംസ്റ്റർഡാം ഫെസ്റ്റിവ’ലിൽ പങ്കെടുക്കവയാണ് തിളക്കമാർന്ന നേട്ടം നേടിയത്.
ആംസ്റ്റർഡാം തുറമുഖത്തെത്തിയ കപ്പലിൽ ജൂലി എന്ന ഡച്ച് പെൺകുട്ടി തന്റെ പേരിൽ ഒപ്പിട്ടതോടെയണ് ദശലക്ഷം സന്ദർശകരെന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്. ഈ വർഷത്തെ ആംസ്റ്റർഡാം സെയിലിങ് ഫെസ്റ്റിവലിൽ സീ അംബാസഡേഴ്സ് അവാർഡിന് കപ്പൽ അർഹമായിരുന്നു. ഫെസ്റ്റിവലിൽ ശ്രദ്ധേയമായ അച്ചടക്കവും ആകർഷകമായ സാംസ്കാരിക പ്രകടനവും കാഴ്ചവെച്ച കപ്പലിലെ ജീവനക്കാരുടെ മികവാർന്ന സമർപ്പണമാണ് ഈ നേട്ടത്തിനർഹമാക്കിയത്.ലോകജനതകൾക്കിടയിൽ സൗഹൃദം, സമാധാനം, ഐക്യം എന്നിവയുടെ ബന്ധങ്ങൾ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കപ്പൽ യാത്ര നടത്തുന്നത്.
ഏപ്രിൽ 30ന് മസ്കത്തിൽനിന്നാണ് യാത്ര പുറപ്പെട്ടത്. ഒമാന്റെ സമ്പന്നമായ സമുദ്രപൈതൃകത്തിന്റെ സത്തയും അതിന്റെ ശോഭനമായ വർത്തമാനകാല നേട്ടങ്ങളും ഉൾക്കൊള്ളുന്നതാണ് ഒമാൻ റോയൽ നേവിയുടെ (ആർ.എൻ.ഒ) കപ്പൽ. ‘ഗ്ലോറീസ് ഓഫ് ദി സീസ്’ എന്ന പേരിലാണ് യാത്ര നടത്തുന്നത്.

