ഇറാനിലേക്കുള്ള വിമാന സർവിസുകൾ പുനരാരംഭിച്ച് സലാം എയർ
text_fieldsമസ്‌കത്ത്: ഒമാൻ ആസ്ഥാനമായുള്ള ബജറ്റ് എയർലൈനായ സലാം എയർ, മസ്‌കത്തിൽനിന്ന് തെഹ്‌റാനിലേക്ക് നേരിട്ടുള്ള സർവിസുകൾ പുനരാരംഭിച്ചു. ഏതാനും മാസങ്ങളുടെ ഇടവേളക്കു ശേഷമാണ് സർവിസ് വീണ്ടും തുടങ്ങിയത്.
തെഹ്‌റാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സലാം എയർ വിമാനത്തെ പരമ്പരാഗത രീതിയിൽ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു.
ഒക്ടോബറിൽ രണ്ട് സർവിസുകൾ കൂടി നടത്താൻ പദ്ധതിയുണ്ട്. കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു സലാം എയർ അവസാനമായി ടെഹ്‌റാനിലേക്ക് സർവീസ് നടത്തിയത്.
ഇറാനിയൻ വ്യോമയാന മേഖലക്കെതിരെയും ഇറാനിലേക്ക് സർവീസ് നടത്തുന്ന കമ്പനികൾക്കെതിരെയും അമേരിക്ക കടുത്ത സാമ്പത്തിക-വ്യോമയാന ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇറാനുമായി സഹകരിക്കുന്ന വിമാനക്കമ്പനികൾക്കെതിരായ യു.എസ് ട്രഷറിയുടെ കർശന മുന്നറിയിപ്പ് നിലനിൽക്കവെയാണ് ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ തെഹ്റാനിൽ യാത്രക്കാരുമായി പറന്നിറങ്ങിയത്.

