രൂപയുടെ മൂല്യം താഴേക്ക്; പണമയക്കാൻ തിരക്ക്
text_fieldsമനാമ: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞപ്പോൾ നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്. ആറുമാസത്തിനിടയിലെ ഉയർന്ന നിരക്കാണ് ഇപ്പോൾ ലഭിക്കുന്നത്. വെള്ളിയാഴ്ച ഒരു ബഹ്റൈൻ ദീനാറിന് 197.70 രൂപയാണ് ഇടപാടുകാർക്ക് ലഭിച്ചത്. ഡോളർ കരുത്താർജിക്കുന്നതും ക്രൂഡ് ഒായിൽ വില ഉയരുന്നതുമാണ് രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണം.
വെള്ളിയാഴ്ച ഡോളറിനെതിരെ 20 പൈസ ഇടിഞ്ഞ് 74.99 രൂപയിലാണ് േക്ലാസ് ചെയ്തത്. വ്യാഴാഴ്ച ഡോളറിനെതിരെ രൂപ 19 പൈസ നേട്ടമുണ്ടാക്കിയെങ്കിലും വെള്ളിയാഴ്ച അത് തുടരാനായില്ല. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ടു ശതമാനത്തോളമാണ് മൂല്യത്തിൽ ഇടിവുണ്ടായത്. ഏപ്രിൽ ഒമ്പതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിവാര നഷ്ടമാണ് ഇന്ത്യൻ രൂപ ഇൗ ആഴ്ച രേഖപ്പെടുത്തിയത്. കോവിഡ് രൂക്ഷമായ കഴിഞ്ഞ വർഷം ഒരു ദീനാറിന് 200.97 രൂപ വരെ എത്തിയിരുന്നു. അതിനുശേഷം ഇപ്പോഴാണ് ഇത്രയും ഉയർന്ന നിലയിലേക്ക് വരുന്നത്. നിരക്ക് അൽപംകൂടി ഉയർന്നേക്കാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. നിരക്കുയർന്നതോടെ മണി എക്സ്ചേഞ്ചുകളിൽ നാട്ടിലേക്ക് പണമയക്കുന്നവരുടെ തിരക്കും വർധിച്ചിട്ടുണ്ട്.

