പ്രവാസി വെൽഫെയർ ഫോറത്തിന്റെ തണലിൽ അബ്ദുൽ സമദ് നാടണയും
text_fieldsപ്രവാസി വെൽഫെയർ ഫോറം ബിദിയ ഭാരവാഹികൾ
തൂത്തുക്കുടി സ്വദേശി അബ്ദുൽ സമദിന് യാത്രക്കുള്ള രേഖകൾ കൈമാറുന്നു
ഇബ്ര: പ്രവാസി വെൽഫെയർ ഫോറം ബിദിയയുടെ കൈത്താങ്ങിൽ തമിഴ്നാട് തൂത്തുക്കുടി സ്വദേശി അബ്ദുൽ സമദ് നാടണയും. ദീർഘകാലമായി ബിദിയയിൽ ലോൻഡ്രി ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. എന്നാൽ, ഇവിടുത്തെ പണി നഷ്ടപ്പെട്ടതോടെ കഴിഞ്ഞ ഒന്നരവർഷമായി നാട്ടിൽ പോകാനാവാതെ പ്രയാസത്തിലായിരുന്നു. ഇതിനിടക്ക് ലേബർ കാർഡിന്റെ കാലാവധിയും കഴിഞ്ഞു.
ഇദ്ദേഹത്തിന്റെ പ്രയാസങ്ങൾ മനസ്സിലാക്കിയ പ്രവാസി വെൽഫെയർ ബിദിയ ഭാരവാഹികൾ നിയമസഹായമടക്കം കൈത്താങ്ങുമായി എത്തുകയായിരുന്നു. നാടണയാനുള്ള രേഖകളും ട്രാവൽ ടിക്കറ്റും കൈമാറി. പ്രവാസി വെൽഫെയർ ഫോറം ബിദിയ പ്രസിഡന്റ് നാസറുദ്ദീൻ, വൈസ് പ്രസിഡന്റ് അശോകൻ ഗോപാലപിള്ള, ട്രഷറർ അബ്ദുൽ സത്താർ പേരാവൂർ, പ്രവാസി വെൽഫെയർ ഫോറം ഇബ്രാ പ്രസിഡന്റ് സഫീർ ഫസിലുദ്ദീൻ, അംഗങ്ങളായ റഹ്മത്തുല്ല മഗ്രിബി, സുഗതൻ തങ്കപ്പൻ, മറ്റു ഭാരവാഹികളും സംബന്ധിച്ചു.

