ഒ.എൻ.വി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ... ഓർമകളിൽ ഒ.എൻ.വി’ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഒമാനിലെ പൊതുസമൂഹത്തിനായി കവിത രചന, കാവ്യാലാപാനം തുടങ്ങിയ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് ദാർസൈത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ കേരള വിഭാഗം കലാകാരന്മാർ ഒ.എൻ.വിയുടെ നാടക-സിനിമ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഗാനസന്ധ്യയും നൃത്താവിഷ്കാരവും സംഘടിപ്പിച്ചു.
കവിത രചന മത്സരത്തിൽ ലേഖ സജീവ്, പ്രിജിത സുരേഷ് എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. കാവ്യാലാപന മത്സരത്തിൽ എം.ജെ. ഗീതാഞ്ജലി, അൻവിൻ അജിത്കുമാർ, ശിവന്യ ശ്രീകുമാർ, ദിയ ആർ നായർ, ആഷിക നിഷാദ് എന്നിവർ വിജയികളായി. കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ അധ്യക്ഷ വഹിച്ചു. അഭിലാഷ് ശിവൻ ഒ എൻ വി അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ എൻഹാൻസ്മെന്റ് ആൻഡ് ഫെസിലിറ്റീസ് സെക്രട്ടറി വിൽസൺ ജോർജ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. കോ. കൺവീനർ കെ.വി. വിജയൻ സ്വാഗതവും കെ. ജഗദീഷ് നന്ദിയും പറഞ്ഞു.

