‘ഹാർമോണിയസ് കേരള’: ലുലുവിൽ ആവേശം വിതറി രാജ് കലേഷ്
text_fields‘ഗൾഫ് മാധ്യമം ഹാർമോണിയസ് കേരള’യുടെ നാലം എഡിഷന്റെ വിളംബരമായി അൽവാദി ലുലു മാളിൽ നടന്ന റോഡ് ഷോ
സലാല: ‘ഗൾഫ് മാധ്യമം ഹാർമോണിയസ് കേരള’യുടെ നാലം എഡിഷന്റെ വിളംബരമായി അൽവാദി ലുലു മാളിൽ നടന്ന റോഡ്ഷോ ആവേശം വിതറി. കളിയും ചിരിയും ചിന്തയും പകർന്ന് പുത്തൻ കാഴ്ചകളാണ് പ്രമുഖ അവതാരകനായ രാജ് കലേഷ് തീർത്തത്.
തടിച്ചുകൂടിയ കാണികൾക്ക് മുന്നിൽ മാജിക്കും കുസൃതി ചോദ്യങ്ങളുമായി ആരാധകരുടെ പ്രിയപ്പെട്ട കല്ലു അരങ്ങ് തകർത്തു. കുട്ടികളടക്കമുള്ളവർ കല്ലുവിനൊപ്പം ചുവടുവെച്ചും പാട്ടുപാടിയും റോഡ്ഷോ അവിസ്മരണീയമാക്കുകയും ചെയ്തു. എട്ട് മണിക്കുള്ള പരിപടിക്കായി മണിക്കൂറുകൾക്ക് മുന്നേ ലുലുവിൽ ഒരുക്കിയ പ്രത്യേക േവദിയിൽ ആളുകൾ തടിച്ചു കൂടിയിരുന്നു.
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് സആദ ബ്രാഞ്ചിലും റോഡ് ഷോ അരങ്ങേറി. ജീവനക്കാരും മറ്റ് ഉപഭോക്താക്കളും പരിപാടികളിൽ പങ്കാളികളായി. കളിയും ചിരിയും പകർന്ന് നൽകിയ റോഡ്ഷോ മികച്ച അനുഭവമാണ് സമ്മാനിച്ചതെന്ന് പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു. കുടുംബങ്ങൾക്കുവേണ്ടിയുള്ള വിനോദപരിപാടികളും മത്സരങ്ങളും കിടിലൻ സമ്മാനങ്ങളും ഇതിന്റെ ഭാഗമായി ഒരുക്കിയിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30ന് തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ ഓണാഘോഷ പരിപാടിയിലും രാജ് കലേഷ് അരങ്ങുതകർക്കും.
ഒക്ടോബർ 13ന് സലാല അൽ മറൂജ് ആംഫി തിയറ്ററിലാണ് ‘ഹാർമോണിയസ് കേരള’യുടെ ഒമാനിലെ നാലാം എഡിഷന് വേദിയൊരുങ്ങുന്നത്. ഷാഹി, ലുലു ഹൈപർ മാർക്കറ്റ്, ബദർ അൽ സമ ഹോസ്പിറ്റൽ, സീ പേൾസ് ജ്വല്ലറി, ഹോട്ട്പാക്ക്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എന്നിവരാണ് പരിപാടിയുടെ മുഖ്യപ്രായോജകർ. മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരവും ദേശീയ അവാർഡ് ജേതാവുമായ അപർണ ബാലമുരളി, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിലൂടെ തെന്നിന്ത്യൻ സിനിമാസ്വാദകരുടെ മനസ്സിൽ സ്ഥാനംപിടിച്ച മനോജ് കെ. ജയൻ എന്നിവരാണ് ചടങ്ങിൽ മുഖ്യാതിഥികളായെത്തുന്നത്.
വിനോദത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തൻ അനുഭവങ്ങൾ സമ്മാനിക്കാൻ ഗായകരായ വിധു പ്രതാപ്, ചിത്ര അരുൺ, അക്ബർ ഖാൻ, ക്രിസ്റ്റകല, അശ്വന്ദ് അനിൽകുമാർ, മേഘ്ന സുമേഷ്, ഡാൻസർ റംസാൻ മുഹമ്മദ്, അവതാരകനും നടനുമായ മിഥുൻ രമേശ് തുടങ്ങി നിരവധി കലാകാരന്മാരും വേദിയിലെത്തും. മുഴുവൻ പ്രവാസി മലയാളികളെയും മെഗാ ആഘോഷത്തിന്റെ ഭാഗമാക്കാൻ ഏറ്റവും കുറഞ്ഞ നിരക്കാണ് ടിക്കറ്റിന് നിശ്ചയിച്ചിരിക്കുന്നത്. സനായ്യ, തുംറൈത്ത്, സലാല, സാദ എന്നിവിടങ്ങിലെ വിവിധ സ്ഥാപനങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്. സിംഗൾ എൻട്രി ഡയമണ്ട് ടിക്കറ്റിന് അഞ്ച് റിയാലും സിംഗ്ൾ എൻട്രി പ്ലാറ്റിനം ടിക്കറ്റിന് മൂന്ന് റിയാലും സിംഗ്ൾ എൻട്രി ഗോൾഡ് ടിക്കറ്റിന് രണ്ട് റിയാലുമാണ് നിരക്ക്. ടിക്കറ്റ് വിവരങ്ങൾക്ക്: 96042333, 95629600.

