ആവേശമായി ഒട്ടക ഓട്ട മത്സരം
text_fieldsഒട്ടക ഓട്ട മത്സരത്തിന് ആദം വിലായത്തിലെ അൽ
ബഷീർ ഒട്ടക റേസ് ട്രാക്കിൽ തുടക്കമായപ്പോൾ
മസ്കത്ത്: ഒമാൻ ക്യാമൽ റേസിങ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഒട്ടക ഓട്ട മത്സരത്തിന്റെ ആദ്യപാദ മത്സരം ദാഖിലിയ ഗവർണറേറ്റിലെ ആദം വിലായത്തിലെ അൽ ബഷീർ ഒട്ടക റേസ് ട്രാക്കിൽ തുടക്കമായി. 2024-2025 സീസണിലെ പ്രാദേശിക ഒട്ടക മത്സരമാണ് നടക്കുന്നത്. മൂന്ന് ദിവസം നീളും.
ഹജ്ജാജ് വിഭാഗത്തിനായുള്ള 18 റൗണ്ടുകൾക്കാണ് ആദ്യദിന മത്സരം സാക്ഷ്യം വഹിച്ചത്. സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നുള്ള 650 ഒട്ടകങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ശനിയാഴ്ച പ്രാദേശിക ഒട്ടക മത്സരങ്ങളുടെ ആദ്യ പാദം തുടരും.
അൽ ലഖയ വിഭാഗത്തിനായി 12 റൗണ്ടുകളാണ് ഉണ്ടാവുക. നാല് കിലോമീറ്റർ ദൂരത്തിലാണ് മത്സരം. ഒട്ടക സൗന്ദര്യ മത്സരം, കറവ മത്സരം തുടങ്ങിയവയും അനുബന്ധമായി ഒരുക്കിയിട്ടുണ്ട്. 22ാമത് എഡിഷന് ഒട്ടക ഓട്ട മത്സരമാണ് ഇത്തവണത്തേത്.

