അൽ ബഷയർ ഒട്ടകോത്സവത്തിന് ആവേശ കൊടിയിറക്കം
text_fieldsമസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ആദം വിലായത്തിൽ നടന്ന ആറാമത് അൽ ബഷയർ ഒട്ടകോത്സവ മത്സരത്തിന് സമാപനമായി. അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താന്റെ പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദിന്റെ രക്ഷാകർതൃത്വത്തിലായിരുന്നു സമാപന ചടങ്ങുകൾ.
അറേബ്യൻ ഒട്ടകങ്ങൾക്കായുള്ള അൽ ബഷയർ സ്ക്വയർ ഡിപ്പാർട്മെന്റായിരുന്നു ആറു ദിവസത്തെ പരിപാടി സംഘടിപ്പിച്ചിരുന്നത്. ഒമാനിലെ വിവിധ ഗവർണറേറ്റുകളിലെയും ജി.സി.സി രാജ്യങ്ങളിലെയും ഒട്ടക ഉടമകൾ ഉൾപ്പെടെ വലിയൊരു വിഭാഗം ഫെസ്റ്റിവലിൽ പങ്കെടുത്തു. 74 റൗണ്ടുകളിലായി വിവിധ മത്സരങ്ങൾ നടന്നു. സമാപന ചടങ്ങിൽ സയ്യിദ് അസദ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഒട്ടക ഉടമകൾ, ബ്രീഡർമാർ, മന്ത്രിമാർ, ഷെയ്ഖുകൾ, വിശിഷ്ട വ്യക്തികൾ, സുൽത്താനേറ്റിന് അകത്തും പുറത്തും നിന്നുള്ള കായികരംഗത്ത് താൽപര്യമുള്ളവരും ഫെസ്റ്റിവലിൽ പങ്കെടുത്തു.

