കുറഞ്ഞ നിരക്കുമായി വിമാന കമ്പനികൾ; ഇനി രണ്ടുമാസം ശുഭയാത്ര
text_fieldsമസ്കത്ത്: കേരളത്തിലെ ഉത്സവ, സ്കൂൾ സീസണുകൾ അവസാനിച്ചതോടെ കേരള സെക്ടറിലേക്ക് കുറഞ്ഞ നിരക്കുമായി വിമാന കമ്പനികൾ. അടുത്ത രണ്ടു മാസങ്ങളിൽ കേരള സെക്ടറിലേക്ക് സർവിസ് നടത്തുന്ന എയർ ഇന്ത്യയുടെയും ഒമാൻ എയറിന്റെയും വെബ്സൈറ്റുകളിൽ ഡിസംബർ ആദ്യവാരം വരെ പല ദിവസങ്ങളിലും കുറഞ്ഞ നിരക്കാണ് കാണിക്കുന്നത്. ഇത് കേരള സെക്ടറിലേക്ക് യാത്ര ചെയ്യുന്നവർക്ക് അനുഗ്രഹമാവും. സ്വന്തം ചെലവിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന കുറഞ്ഞ വരുമാനക്കാർക്കാണ് ഇത് വലിയ അനുഗ്രഹമാവുക. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസാണ് ഏറ്റവും കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നത്. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒക്ടോബർ 12 വരെ 33 റിയാലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. പിന്നീട് നിരക്കുകൾ 38 റിയാലായി ഉയരുന്നുണ്ട്. നവംബറിൽ കുറഞ്ഞ നിരക്ക് 63 റിയാലാണ് വെബ്സൈറ്റിൽ കാണിച്ചിട്ടുള്ളത്. എന്നാൽ, ഈ സെക്ടറിൽ ഒമാൻ എയറിന്റെ കുറഞ്ഞ നിരക്ക് 59.500 റിയാലാണ്. ചില ദിവസങ്ങളിൽ ഇത് 218 റിയാലായി ഉയരുന്നുണ്ട്. വെള്ളി, തിങ്കൾ ദിവസങ്ങളിലാണ് നിരക്ക് ഉയരുന്നത്. എന്നാൽ, ഡിസംബർ ആദ്യത്തോടെ നിരക്കുകൾ കുത്തനെ ഉയർന്ന് 11ന് നിരക്ക് 317 റിയാലായി വർധിക്കുന്നുണ്ട്.
കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് ഒമാൻ എയറും എയർ ഇന്ത്യ എക്സ്പ്രസും കുറഞ്ഞ നിരക്കുകളാണ് ഇപ്പോൾ ഈടാക്കുന്നത്. ഒമാൻ എയർ കോഴിക്കോട്ടേക്ക് ഡിസംബർ 15 വരെ വൺവേക്ക് 55.500 റിയാലാണുള്ളത്. അടുത്ത മാസം അവസാനം വരെ 44 റിയാലാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരക്ക്. എന്നാൽ, നവംബറിൽ 73 റിയാലായി ഉയരുന്നുണ്ട്. ഡിസംബറിലെ നിരക്കുകൾ എയർ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയിട്ടില്ല. കൊച്ചിയിലേക്ക് ഒമാൻ എയറിന്റെ നിരക്കുകൾ ഡിസംബർ 11 മുതലാണ് വർധിക്കുന്നത്. ഡിസംബർ 13ന് 134.5 റിയാലായി വർധിക്കുന്നുണ്ട്. കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് നവംബർ 22 വരെ വൺവേക്ക് 44 റിയാലാണ് ഈടാക്കുന്നത്. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ മാത്രം എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുന്ന കണ്ണൂർ സെക്ടറിൽ അടുത്ത മാസം അവസാനം വരെ വൺവേക്ക് 40 റിയാലാണ് നിരക്ക്. നവംബറിൽ നിരക്ക് 77 റിയാലായി ഉയരും. ഒമാനിൽ സ്കൂൾ അവധിക്കാലം അവസാനിച്ചതും ഓണം അടക്കമുള്ള ആഘോഷ സീസണുകൾ കഴിഞ്ഞതിനാലും കേരള സെക്ടറിൽ പൊതുവെ യാത്രക്കാർ കുറവാണ്. ഇതു പരിഗണിച്ചാണ് വിമാന കമ്പനികൾ നിരക്കുകൾ കുറച്ചത്. നിരക്ക് കുറച്ചത് അനുഗ്രഹമാവുന്നത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കാണ്. സ്വന്തം ചെലവിൽ ടിക്കറ്റെടുക്കേണ്ട നിരവധി പ്രവാസികൾ ഒമാനിലുണ്ട്. കഫറ്റീരിയയിലും മൊബൈൽ ഷോപ്പിലും മറ്റും ജോലി ചെയ്യുന്നവരും കടകളും ചെറുകിട സ്ഥാപനങ്ങളും നടത്തുന്നവരും സ്വന്തമായി ടിക്കറ്റ് എടുക്കേണ്ടവരാണ്. ഉയർന്ന നിരക്കിൽ ടിക്കറ്റെടുത്ത് ഇവർക്ക് യാത്ര ചെയ്യാൻ കഴിയില്ല. ഇത്തരക്കാരിൽ പലരും നിരക്ക് കുറഞ്ഞതോടെ ടിക്കറ്റെടുത്ത് യാത്ര ചെയ്യാനൊരുങ്ങുകയാണ്.

