വിമാനയാത്രക്കാർക്ക് സന്തോഷവാർത്ത; ഒമാനിൽ 1.17 ലക്ഷം പേർക്ക് നഷ്ടപരിഹാരം
text_fieldsമസ്കത്ത്: വിമാന സർവീസുകൾ വൈകിയതും റദ്ദാക്കിയതും ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഒമാനിൽ 1.17 ലക്ഷം യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹത. വിമാനയാത്രക്കാരുടെ അവകാശ സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന എയർഹെൽപ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിമാന സർവീസുകളിലുണ്ടാകുന്ന തടസ്സങ്ങൾ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. വിമാനങ്ങൾ വൈകുന്നതും അപ്രതീക്ഷിതമായി റദ്ദാക്കുന്നതും മൂലം യാത്ര മുടങ്ങുന്നവർക്ക് ബാധകമായ നിയമങ്ങൾക്കനുസരിച്ച് നഷ്ടപരിഹാരം ആവശ്യപ്പെടാൻ അവസരമുണ്ട്.എന്നാൽ, സർവീസ് തടസ്സപ്പെട്ട എല്ലാ യാത്രക്കാർക്കും നഷ്ടപരിഹാരം ലഭിക്കണമെന്നില്ല.
വിമാനം വൈകിയതിന്റെ ദൈർഘ്യം, സർവീസ് റദ്ദാക്കിയ സാഹചര്യം, യാത്രയുടെ വിശദാംശങ്ങൾ, ബാധകമായ നിയമങ്ങൾ എന്നിവ പരിഗണിച്ചായിരിക്കും അർഹത നിർണയിക്കുക.യാത്രക്കാർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തെക്കുറിച്ചും അത് ആവശ്യപ്പെടാനുള്ള അവകാശങ്ങളെക്കുറിച്ചും കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയാണ് എയർഹെൽപിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

