ലോകകപ്പ് യോഗ്യത: കുവൈത്ത്-ഖത്തർ മത്സരം ഇന്ന്
text_fieldsകുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ വ്യാഴാഴ്ച കുവൈത്ത് ഖത്തറിനെ നേരിടും. ഖത്തർ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ രാത്രി 9.30നാണ് മത്സരം. ഗ്രൂപ് എ യിൽ രണ്ടാം റൗണ്ടിലെ മൂന്നാം മത്സരത്തിനാണ് ഖത്തറും കുവൈത്തും ബൂട്ടുകെട്ടുന്നത്.
കുവൈത്ത് ആദ്യമത്സരത്തിൽ ഇന്ത്യയോട് തോൽവി വഴങ്ങിയിരുന്നു (1-0). എന്നാൽ, രണ്ടാം അങ്കത്തിൽ അഫ്ഗാനിസ്താനെ 4-0ത്തിന് തോൽപിച്ചു. നിലവിൽ ഖത്തറിന് പിറകിൽ കുവൈത്ത് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. ഖത്തർ ശക്തരായ എതിരാളി ആണെന്നതിനാൽ തോൽക്കാതെ പിടിച്ചു നിൽക്കാനായിരിക്കും കുവൈത്തിന്റെ ശ്രമം.
തുടർന്ന് ഇന്ത്യയെയും അഫ്ഗാനിസ്താനെയും കീഴടക്കാനും കഴിഞ്ഞാൽ കുവൈത്തിന്റെ പ്രതീക്ഷകൾ പൂവണിയും. ഗ്രൂപ്പിൽനിന്ന് രണ്ടു ടീമുകൾക്ക് ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ട് പ്രവേശനവും ഏഷ്യ കപ്പ് പ്രവേശനവും ലഭിക്കും.
ഫലസ്തീൻ-ബംഗ്ലാദേശ് മത്സരം ഇന്ന് കുവൈത്തിൽ
കുവൈത്ത് സിറ്റി: ലോകകപ്പ്-ഏഷ്യൻകപ്പ് യോഗ്യത മത്സരങ്ങളുടെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ വ്യാഴാഴ്ച ഫലസ്തീൻ ബംഗ്ലാദേശിനെ നേരിടും. കുവൈത്തിലെ ജാബിർ അൽ അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രിയാണ് മത്സരം. ഫലസ്തീനിൽ നിശ്ചയിച്ചിരുന്ന മത്സരം ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിലേക്ക് മാറ്റുകയായിരുന്നു.
ലോകകപ്പ് യോഗ്യത ‘ഗ്രൂപ് ഐ’ മൂന്നാം റൗണ്ട് മത്സരത്തിലാണ് ഫലസ്തീനും ബംഗ്ലാദേശും എറ്റുമുട്ടുന്നത്.

