വനിത ടി20 ലോകകപ്പ് ക്രിക്കറ്റ് യോഗ്യത: കുവൈത്ത്-ചൈന മത്സരം ഇന്ന്
text_fieldsകുവൈത്ത് വനിത ക്രിക്കറ്റ് ടീം ഒഫീഷ്യൽസിനൊപ്പം
കുവൈത്ത് സിറ്റി: അടുത്ത വർഷം ബംഗ്ലാദേശിൽ നടക്കുന്ന വനിത ടി20 ലോകകപ്പ് ക്രിക്കറ്റ് യോഗ്യത പ്രതീക്ഷകളുമായി കുവൈത്ത് ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. മലേഷ്യയിൽ നടക്കുന്ന ആദ്യമത്സരത്തിൽ ചൈനയാണ് എതിരാളി. സെപ്റ്റംബർ മൂന്നിന് ഹോങ്കോങ്ങുമായും നാലിന് തായ്ലൻഡുമായും ആറിന് മ്യാന്മറുമായും ഏറ്റുമുട്ടും.
മത്സരങ്ങൾക്കായി കുവൈത്ത് ടീം നേരത്തെ മലേഷ്യയിലെത്തി പരിശീലന മത്സരങ്ങൾ നടത്തിയിരുന്നു.
കുവൈത്തിൽ രണ്ടു മാസത്തോളം നീണ്ട പരിശീലനത്തിനു ശേഷമാണ് ടീം മലേഷ്യയിലേക്ക് തിരിച്ചത്. എഷ്യയിൽനിന്നുള്ള 11 ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചാണ് മത്സരങ്ങൾ. 11 ടീമുകളിൽനിന്ന് രണ്ടു ടീമുകൾ ഗ്ലോബൽ യോഗ്യതക്ക് അർഹരാകും. അതിൽ നിന്നുള്ള പോരാട്ടത്തിലെ രണ്ടു ടീമുകളാകും വനിത ടി20 ലോകകപ്പ് മത്സരങ്ങൾക്ക് യോഗ്യത നേടുക.
ബംഗ്ലാദേശ്, ആസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, വെസ്റ്റിൻഡീസ്, പാകിസ്താൻ ടീമുകൾ നേരത്തെ നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്.
ഏഷ്യൻ യോഗ്യത മത്സരങ്ങളുടെ ഗ്രൂപ് എയിൽ ബഹ്റൈൻ, ബൂട്ടാൻ, മലേഷ്യ, നേപ്പാൾ, ഖത്തർ, യു.എ.ഇ എന്നിവ ഉൾപ്പെടുന്നു. ചൈന, ഹോങ്കോങ്, മ്യാന്മർ, തായ്ലൻഡ് എന്നിവ ഉൾപ്പെട്ട ഗ്രൂപ് ബിയിലാണ് കുവൈത്ത്.

