വനിത ടി20 ലോകകപ്പ് ക്രിക്കറ്റ് യോഗ്യത; കുവൈത്ത് ഇന്ന് ഹോങ്കോങ്ങിനെതിരെ
text_fieldsചൈനക്കെതിരായ വിജയം ആഘോഷിക്കുന്ന കുവൈത്ത് ടീം
കുവൈത്ത് സിറ്റി: വനിത ടി20 ലോകകപ്പ് ക്രിക്കറ്റ് യോഗ്യത മത്സരത്തിൽ കുവൈത്ത് ഞായറാഴ്ച ഹോങ്കോങ്ങിനെ നേരിടും. മലേഷ്യയിൽ രാവിലെ 8.30നാണ് മത്സരം. ആദ്യ മത്സരത്തിൽ ചൈനയെ 30 റൺസിന് തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കുവൈത്ത് ഇറങ്ങുന്നത്.ആദ്യ മത്സരത്തിൽ ചെറിയ സ്കോറിന് പുറത്തായെങ്കിലും ചൈനയെ അതിലും കുറഞ്ഞ സ്കോറിൽ ഒതുക്കിയാണ് കുവൈത്ത് വിജയം നേടിയത്. ആദ്യം ബാറ്റുചെയ്ത കുവൈത്ത് 20 ഓവറിൽ 83 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചൈനയെ 16 ഓവറിൽ 53 റൺസിൽ ചുരുട്ടിക്കെട്ടി. ബാറ്റിങ് നിരാശപ്പെടുത്തിയെങ്കിലും ബൗളിങ് നിര മികച്ച നിലവാരം പുലർത്തുന്നതാണ് കുവൈത്തിന്റെ പ്രതീക്ഷ. തിങ്കളാഴ്ച തായ്ലൻഡുമായും ബുധനാഴ്ച മ്യാൻമറുമായുമാണ് കുവൈത്തിന്റെ അടുത്ത മത്സരങ്ങൾ.

